വർക്കല: ശ്രീനാരായണ ഗുരു സനാതന ധർമ്മത്തിന്റെ വക്താവല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാർത്താണ്ഡ വർമ്മ തിരുവിതാംകൂറിൽ ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കാനാണ് ശ്രമിച്ചതെന്നും അത്തരം പരിഷ്കാരങ്ങളാണ് നടത്തിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഹിന്ദു ധർമ്മത്തെയും അതിന്റെ ആശയങ്ങളേയും അങ്ങയേറ്റം അവഹേളിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. 92ാം മത് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് മുഖ്യമന്ത്രിയുടെ പരാമർശം.
സാമൂഹ്യ പരിഷ്കർത്താവായിരുന്ന ഗുരുവിനെ മത സന്യാസിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരു സനാതനധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല. സനാതന ധർമ്മത്തെ വെല്ലുവിളിക്കാനാണ് ഗുരു ശ്രമിച്ചെത്. ആ ധർമ്മത്തെ ഉടച്ചുവാർക്കാൻ ശ്രമിച്ച സന്യാസി വര്യനായിരുന്നു അദ്ദേഹം. സനാതനധർമ്മം ചാതുർ വർണ്യത്തിൽ അടിസ്ഥിതമാണ്. ഇതിനെ വെല്ലുവിളിക്കാനാണ് ഗുരു ശ്രമിച്ചത്. ഒരു ജാതി ഒരു മതം ഒരു ദൈവം. എന്നു പറഞ്ഞ ഗുരു എങ്ങനെ സനാതനധർമ്മത്തിന്റെ വക്താവാകും.
ഇതിഹാസമായ മഹാഭാരതത്തെ ഇകഴ്‌ത്താനുള്ള ശ്രമങ്ങളും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി. ഗോത്രവർഗ വ്യവസ്ഥ പിന്മാറി വർണ്ണ വ്യവസ്ഥ വന്ന ഘട്ടത്തിന്റെ ഉൽപ്പന്നമാണ് മഹാഭാരതം. ഇതിലും ധർമ്മമെന്ന ചോദ്യത്തിന് ഉത്തരം നൽകുന്നില്ല. ധർമ്മ യുദ്ധം നടത്തിയെന്ന് പറയുന്ന ധർമ്മപുത്രർ ഉടലോടെ സ്വർഗത്തിൽ ചെന്നു അപ്പോൾ അധർമ്മത്തിന്റെ യുദ്ധം നടത്തിയെന്ന് ആരോപിക്കപ്പെട്ട ദുര്യോധനനെ കാണുന്നു. എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
തിരുവിതാംകൂർ രാജവംശത്തെയും ഹൈന്ദവ ധർമ്മത്തെയും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം മുന്നോട്ട് പോയത്. മാർത്താണ്ഡവർമ്മ തിരുവിതാംകൂറിൽ നടത്തിയ പലപരിഷ്കാരങ്ങളും സനാതന രാഷ്‌ട്രം എന്ന് ഉദ്ഘോഷിച്ചു കൊണ്ടാണ്. സനാതന ഹിന്ദുത്വം എന്ന വാക്കിലൂടെ സ്ഥാപിച്ചെടുക്കാൻ ഉദ്ദേശിക്കുന്നത് പഴയകാല ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ച കാലമാണ്.
സനാതന ഹിന്ദുത്വം എന്തൊ മഹത്വവും അഭിമാനകരവുമാണെന്നാണ് ധാരണ. ഹിന്ദുത്വത്തെ ഉയർത്തിക്കാട്ടാനായി ഉപയോഗിക്കുന്ന വാക്കാണ് ലോകാസമസ്ത സുഖിനോ ഭവന്തു. അത്ര ശ്രേഷ്ഠമായ വാക്യം മുന്നോട്ട് വെച്ചത് ഹിന്ദുത്വം മാത്രമല്ലേയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. സന്യാസിമാരെ വേദിയിൽ ഇരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അതേ വേദിയിൽ തന്നെ മുഖ്യമന്ത്രിക്കുള്ള മറുപടി നൽകിയതും ശ്രദ്ധേയമായി.