തിരുവനന്തപുരം ആര്യനാട് കഴിഞ്ഞ ദിവസം ബെവ്കോ ഔട്ട്ലെറ്റിൽ കയറി ഒന്നരലക്ഷം രൂപയുടെ മദ്യമാണ് കവർന്നത്. സമാനമായി തെലുങ്കാനയിലും മദ്യശാലയിലും കള്ളൻ കയറി. പക്ഷെ കളളനെ പിറ്റദിവസം രാവിലെ ജീവനക്കാർ കയ്യൊടെ പിടികൂടി.
മേഡക് ജില്ലയിലെ കനകദുർഗ വൈൻസിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഓടുകൾ നീക്കി അകത്ത് കടന്ന യുവാവ് സിസിടിവി ക്യാമറകൾ തുണികൊണ്ട് മൂടി. തുടർന്ന് ഡ്രോയറുകളിൽ സൂക്ഷിച്ചിരുന്ന പണവും കൈക്കലാക്കി. അടുത്തതായി മദ്യക്കുപ്പികളിലേക്കാണ് യുവാവ് തിരിഞ്ഞത്. എന്നാൽ മദ്യം കണ്ടതോടെ യുവാവിന്റെ കൺട്രോൾ പോയി. ഒന്നിന് പിറകെ മറ്റൊന്നായി മദ്യം അകത്താക്കി. പിറ്റേന്ന് രാവിലെ ജീവനക്കാർ കടയിൽ എത്തിയപ്പോൾ മദ്യക്കുപ്പികൾക്കിടയിൽ ബോധം കെട്ടുറങ്ങുന്ന കള്ളനെയാണ് കണ്ടത്. ചുറ്റും പണവും മദ്യക്കുപ്പികളും ചിതറിക്കിടക്കുന്നുണ്ടായിരുന്നു. കവർച്ചയ്‌ക്കിടെ ഉണ്ടായേക്കാവുന്ന ചെറിയ മുറിവും മുഖത്തുണ്ടായിരുന്നു.
“ഞായറാഴ്ച രാത്രി 10 മണിക്കാണ് ഞങ്ങൾ കടയടച്ചതെന്ന് കടയുടെ മാനേജർ നർസിംഗ് പറഞ്ഞു. പിറ്റേന്ന് രാവിലെ 10 മണിക്ക് കട തുറന്നപ്പോൾ, ഒരു യുവാവ് അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. മേൽക്കൂരയുടെ ഓടുകൾ നീക്കിയാണ് അകത്ത് കടന്നതെന്നും”, അദ്ദേഹം പറഞ്ഞു.
പുതുവത്സാരഘോഷത്തിന് വിൽപ്പന നടത്താനായാണ് യുവാവ് മോഷണത്തിനിറങ്ങിയതെന്നാണ് സൂചന. യുവാവിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. കേസെടുത്തിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ അറിയാൻ ബോധം തെളിയുന്നത് വരെ കാത്തിരിക്കുകയാണ് പൊലീസ്.















