ഡിസംബർ 31 അർധരാത്രിയോടടുക്കാൻ മണിക്കൂറുകൾ ശേഷിക്കെ പുതുവർഷപ്പിറവിയെ വരവേൽക്കാനൊരുങ്ങി ലോകം. എല്ലാവർഷവും ആഗോളതലത്തിലുള്ള പുതുവർഷപ്പിറവി രാജ്യങ്ങൾ വ്യത്യസ്ത സമയത്താണ് ആഘോഷിക്കുന്നത്. ഇതിനു കാരണം ലോകത്തിലെ വ്യത്യസ്ത സമയ മേഖലകളാണ്. അതിനാൽ ഇത്തവണത്തെ പുതുവർഷപ്പിറവി ആദ്യമെത്തുന്നത് ഏതു രാജ്യത്തിലേക്കാണെന്ന് ഉറ്റുനോക്കുകയാണ് ലോകം.
ഇത്തവണ പുതുവർഷം ആദ്യമെത്തുന്നത് റിപ്പബ്ലിക്ക് ഓഫ് കിരിബാത്തിയിലെ ക്രിസ്മസ് ഐലൻഡെന്ന ചെറുദ്വീപിലേക്കാണ്. പിന്നാലെ 15 മിനിറ്റ് വ്യത്യസത്തിൽ ന്യൂസിലൻഡിലെ ചാതാം ദ്വീപിലേക്കെത്തും. രാജ്യത്തെ ഓക്ക്‌ലൻഡ്, വെല്ലിംഗ്ടൺ നഗരങ്ങൾ ടോംഗ, സമോവ എന്നിവയ്‌ക്കൊപ്പം ആഗോള ആഘോഷങ്ങളുടെ നിരയിൽ ചേരും. ഫിജിയിലെ പസഫിക് ദ്വീപുകളാണ് നാലാമതായി 2025 ന്റെ വരവാഘോഷിക്കുന്നത്.
ബംഗ്ലാദേശിനും നേപ്പാളിനും പിന്നാലെ പതിനാറാമതായാണ് ഇന്ത്യയിൽ പുതുവർഷം പിറവിയെടുക്കുന്നത്. ശ്രീലങ്കയും ഇന്ത്യക്കൊപ്പം പുതുയുഗപ്പിറവിയെ വരവേൽക്കും. പുതുവർഷം അവസാനമെത്തുക യുഎസിലെ ബേക്കർ, ഹൗലൻഡ് ദ്വീപുകളിലാണ്. ജനവാസമില്ലാത്ത കുഞ്ഞൻ ദ്വീപുകളാണിവ. സമയമേഖലകളിലെ വ്യത്യസങ്ങൾ ചിലരാജ്യങ്ങൾ തമ്മിൽ ന്യൂ ഇയർ ആഘോഷത്തിന് 26 മണിക്കൂറിന്റെ ഇടവേളകൾ വരെ സൃഷ്ടിക്കുന്നു.
സിഡ്‌നി, ടോക്കിയോ, ലണ്ടൻ, ന്യൂയോർക്ക് സിറ്റി തുടങ്ങി ലോകത്തിലെ പ്രമുഖ നഗരങ്ങളിൽ വലിയ രീതിയിലുള്ള ആഘോഷപരിപാടികളാണ് എല്ലാ പുതുവർഷത്തിനും സംഘടിപ്പിക്കുന്നത്. പ്രശസ്തമായ ഹാർബർ വെടിക്കെട്ട്, ടോക്കിയോയിലെ ടെംപിൾ ബെൽ ചടങ്ങുകൾ, ന്യൂയോർക്കിൽ നിന്നുള്ള ടൈംസ് സ്‌ക്വയർ ബോൾ ഡ്രോപ്പ് തുടങ്ങി ലോകം മുഴുവൻ ഉറ്റുനോക്കുന്ന ആഘോഷങ്ങൾ ഇത്തവണയും നടക്കും.