കറികൾക്ക് പ്രത്യേക സ്വാദും മണവും പ്രദാനം ചെയ്യുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി നൽകാനും ചില സുഗന്ധ വ്യഞ്ജനങ്ങൾക്ക് കഴിയും. ആയുർവേദത്തിലടക്കം പല വിട്ടുമാറാത്ത രോഗങ്ങളുടെയും ചികിത്സയ്‌ക്കായി സുഗന്ധ വ്യഞ്ജനങ്ങൾ ഉപയോഗിച്ചുവരുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി സംയുക്തങ്ങളും കാൻസറിനെ ചെറുക്കുന്നതിന് ഫലപ്രദമാണ്. അത്തരം ചില സുഗന്ധവ്യഞ്ജനങ്ങൾ പരിചയപ്പെടാം.
1.മഞ്ഞൾ
മഞ്ഞളിലുള്ള കുർകുമിൻ സംയുക്തത്തിന് നിരവധി രോഗപ്രതിരോധ ഗുണങ്ങൾ ഉണ്ട്. ഈ സുഗന്ധ വ്യഞ്ജനം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സ്തനങ്ങൾ, ചെറുകുടൽ, പാൻക്രിയാസ്, എന്നിവിടങ്ങളിലെ കാൻസർ കോശങ്ങളുടെ വളർച്ച തടയും. റേഡിയേഷൻ തെറാപ്പിയിൽ നിന്നും ആരോഗ്യമുള്ള കോശങ്ങളെ സംരക്ഷിക്കാനും മഞ്ഞൾ സഹായിക്കും.
2. ഇഞ്ചി
ഇഞ്ചിയിൽ ബയോ ആക്ടീവ് സംയുക്തങ്ങളായ ജിഞ്ചറോളും ഷോഗോളും അടങ്ങിയിട്ടുണ്ട്. ഇവ കാൻസർ കോശങ്ങളെ നശിപ്പിക്കാനും ഇവയുടെ വ്യാപനം തടയാനും സഹായിക്കുന്നു. ഇഞ്ചിനീര് കുടിക്കുന്നത് വൻകുടലിനെ ബാധിക്കുന്ന കാൻസറിനെ തടയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
3 . വെളുത്തുള്ളി
വെളുത്തുള്ളിയിൽ ഉയർന്ന അളവിൽ അലിസിൻ എന്ന സൾഫർ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആമാശയം, വൻകുടൽ, പ്രോസ്റ്റേറ്റ് എന്നിവയെ ബാധിക്കുന്ന കാൻസർ സാധ്യത കുറയ്‌ക്കാനും സഹായിക്കും. ഇവ കാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലേക്കും.
4. കറുവപ്പട്ട
കറുവപ്പട്ട ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇവ കാൻസർ കോശങ്ങളുടെ വളർച്ച തടയാനും ട്യൂമർ കോശങ്ങളെ ഇല്ലാതാക്കാനും സഹായിക്കും.
5. ഗ്രാമ്പൂ
ഗ്രാമ്പുവിൽ അടങ്ങിയിരിക്കുന്ന യൂജെനോൾ സംയുക്തം ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ഇവ കൂടാതെ കുങ്കുമപ്പൂവ്, കുരുമുളക്, റോസ്‌മേരി, തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾക്കും കാൻസർ പ്രതിരോധ ഗുണങ്ങളുണ്ട്.