അവസാന നിമിഷം വരെ ആവേശം നിറച്ച സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി. മറുപടിയില്ലാത്ത ഒരു ഗോൾ ജയത്തോടെ 33-ാം കിരീടമാണ് ബംഗാൾ ഉയർത്തിയത്. അധിക സമയത്തായിരുന്നു ബംഗാളിന്റെ വിജയ ഗോൾ പിറന്നത്. കരുത്തരായ ബംഗാളിനെ നിശ്ചിത സമയം വരെ സമനിലയിൽ തളയ്‌ക്കാനായ കേരളം ഹൈദരാബാദിൽ കാഴ്ചവച്ചത് അവിസ്മരണീയ പോരാട്ടമായിരുന്നു.
95ാം മിനിട്ടിൽ 9ാം നമ്പറുകാരൻ റോബി ഹൻസ്ദയാണ് കേരളത്തെ കണ്ണീരണിയിച്ചത്. അവസാന നിമിഷം ഗോൾ മടക്കാൻ സർവശക്തിയുമെടുത്ത് പൊരുതിയെങ്കിലും കേരളത്തിന് ബംഗാൾ പ്രതിരോധം ഭേദിക്കാനായില്ല. ആദ്. പകുതിയിലും രണ്ടാം പകുതിയിലും ലഭിച്ച ചില സുവർണാവസരങ്ങൾ കേരളത്തിന് മുതലാക്കാനായിരുന്നില്ല. 12 ഗോളുമായി ടൂർണമെൻ്റിലെ ടോപ് സ്കോററാകാനും റോബിക്ക് സാധിച്ചു.