ഇംഫാൽ: സർക്കാർ ജീവനക്കാർക്ക് പുതുവത്സര സമ്മാനവുമായി മണിപ്പൂർ സർക്കാർ. ക്ഷാമബത്തയിൽ (Dearness allowance) 7 ശതമാനം വർദ്ധനവാണ് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പ്രഖ്യാപിച്ചത്. 2025 ജനുവരി മുതൽ മണിപ്പൂരിലെ സർക്കാർ ജീവനക്കാരുടെ ഡിയർനെസ് അലവൻസ് 39 ശതമാനമായിരിക്കും. വർദ്ധനവിന് മുൻപ് ഇത് 32 ശതമാനമായിരുന്നു. സംസ്ഥാനത്തെ ഒരുലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്ക് ഗുണകരമാകുന്ന തീരുമാനമാണിത്. മണിപ്പൂരിലെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഇതുകൂടാതെ സംസ്ഥാനത്തെ യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിന്റെ ഭാഗമായി ഡൽഹിയിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതിയെക്കുറിച്ചും മുഖ്യമന്ത്രി ബിരേൻ സിംഗ് പങ്കുവച്ചു. എയർഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളുടെ ക്യാബിൻ ക്രൂ നിയമനങ്ങളിലേക്ക് അപേക്ഷിക്കാൻ യുവാക്കളെ സജ്ജമാക്കുന്നതിനായി 500 പേർക്ക് ഡൽഹിയിൽ നൈപുണ്യ പരിശീലനം നൽകുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വിനോദസഞ്ചാര വകുപ്പാണ് ഇതിനായി ഫണ്ട് നൽകുക. മണിപ്പൂരിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നടന്ന സംഘർഷങ്ങളുടെ ഭാഗമായി കുടിയിറക്കപ്പെടുകയും പലായനം ചെയ്യപ്പെടേണ്ടി വരികയും ചെയ്ത കുടുംബങ്ങളിലെ യുവാക്കൾക്കാണ് നൈപുണ്യ പരിശീലനത്തിന് മുൻഗണന ലഭിക്കുക.