കൊൽക്കത്ത: ബിജെപി പശ്ചിമബംഗാളിൽ അധികാരത്തിലെത്തിയാൽ സന്ദേശ് ഖാലി അതിക്രമങ്ങൾ അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്ന് ബിജെപി നേതാവും ബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. സന്ദേശ്ഖാലിയിലെ ജനങ്ങളോട് കഴിഞ്ഞതെല്ലാം മറക്കാനാണ് മമത പറയുന്നത്. പക്ഷെ അവർ അതിന് തയ്യാറല്ലെന്നും സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.
സന്ദേശ്ഖാലിയിലെ സ്ത്രീകളെ കുറ്റക്കാരാക്കി ജയിലിൽ അയയ്‌ക്കുകയാണ് മുഖ്യമന്ത്രി മമത ചെയ്തത്. എന്നാൽ ബിജെപി അധികാരത്തിൽ വന്നാൽ മമതയെ ആയിരിക്കും ജയിലിലേക്ക് അയയ്‌ക്കുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മമത സന്ദേശ്ഖാലിയിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി പരിപാടിയിൽ പങ്കെടുക്കാനായി സുവേന്ദു അധികാരിയും സന്ദേശ്ഖാലിയിലെത്തിയത്.
പ്രദേശത്തെ തൃണമൂൽ ഗുണ്ടകൾ നിരന്തരം നടത്തുന്ന അക്രമങ്ങൾക്കെതിരെ സ്ത്രീകൾ സംഘടിച്ച് രംഗത്തിറങ്ങിയതോടെയാണ് സന്ദേശ്ഖാലി വാർത്തകളിൽ ഇടംപിടിച്ചത്. ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉൾപ്പെടെ ഈ സ്ത്രീകൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ബംഗാളിലെ തെരഞ്ഞെടുപ്പുകളിലുൾപ്പെടെ സന്ദേശ് ഖാലി വലിയ ചർച്ചയായിരുന്നു.