ന്യൂഡൽഹി: പാട്ടും നൃത്തവും ആകാശത്ത് വർണ്ണക്കാഴ്ചകളുടെ വിസ്മയം തീർത്ത വെടിക്കെട്ടുകളുമായി ലോകരാജ്യങ്ങൾക്കൊപ്പം ഭാരതവും പുതുവർഷത്തെ വരവേറ്റു. മുംബൈയിലും ഗോവയിലും ബംഗലൂരുവിലുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ആഘോഷങ്ങളാണ് നടന്നത്. ക്ലബ്ബുകളിലും മൈതാനങ്ങളിലും ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ബീച്ചുകളിലുമൊക്കെ പാട്ടും നൃത്തവുമായി പുതുവർഷത്തെ വരവേൽക്കാൻ ജനങ്ങൾ കൂട്ടത്തോടെ ഒഴുകിയെത്തുന്നതായിരുന്നു കാഴ്ച.
ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കോട്ടയത്തും കോഴിക്കോടും ഉൾപ്പെടെ വലിയ ആഘോഷമായിരുന്നു നടന്നത്. കോഴിക്കോട് മാനാഞ്ചിറയിലും ബീച്ചിലും വലിയ തോതിൽ കുടുംബസമേതം ആളുകൾ പുതുവർഷപ്പിറവി വരവേൽക്കാൻ എത്തി. 12 മണിയെത്തിയപ്പോൾ പോയ വർഷത്തെ സങ്കടങ്ങൾ വെളി മൈതാനത്ത് ഒരുക്കിയ പാപ്പാഞ്ഞിക്കൊപ്പം എരിഞ്ഞടങ്ങി. പാപ്പാഞ്ഞിയെ കത്തിച്ചതോടെ ഫോർട്ട് കൊച്ചിയിലെ ആഘോഷം ഉച്ചസ്ഥായിയിലെത്തി.
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പുതുവർഷത്തെ വരവേൽക്കാൻ പ്രത്യേക പരിപാടികൾ ഒരുക്കിയിരുന്നു. കോവളം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വലിയ ആഘോഷങ്ങളായിരുന്നു ഒരുങ്ങിയത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിദേശികളടക്കം മലയാളിയുടെ ആഘോഷങ്ങളിൽ പങ്കുചേർന്നു. കുടുംബത്തോടെയാണ് മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ആളുകൾ എത്തിയത്. 2024 സമ്മാനിച്ച ദു:ഖങ്ങളും വേദനകളുമൊക്കെ മറന്ന് പുതിയ വർഷത്തെ പുതിയ പ്രതീക്ഷയോടെ അവർ ഒരുമിച്ച് ആടിയും പാടിയും വരവേറ്റു.
പുരി ജഗന്നാഥ ക്ഷേത്രത്തിലും അയോദ്ധ്യ രാമജൻമഭൂമിയിലും ഉൾപ്പെടെ രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളിൽ വലിയ തിരക്കായിരുന്നു പുതുവർഷത്തലേന്ന് വൈകിട്ട് അനുഭവപ്പെട്ടത്. രാത്രിയിൽ അയോദ്ധ്യയിലെ സരയൂ ആരതിയിലും വാരണാസിയിലെ ഗംഗാ ആരതിയിലുമുൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തു.
ഇന്ത്യയിൽ പുതുവർഷം പിറക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപേ ജപ്ാപനിലു ഓസ്‌ട്രേലിയയിലും സിംഗപ്പൂരിലുമടക്കം പുതുവർഷം പിറന്നിരുന്നു. വമ്പൻ കരിമരുന്ന് പ്രയോഗങ്ങളോടെയാണ് സിഡ്‌നിയടക്കമുളള നഗരങ്ങൾ പുതുവർഷത്തെ വരവേറ്റത്. കിരിബാത്തിയിലെ ക്രിസ്മസ് ദ്വീപായിരുന്നു പുതുവർഷം ആദ്യം ആഘോഷിച്ചത്. ഇതിന് പിന്നാലെ ഓക് ലൻഡിലും ന്യൂസിലൻഡിലുമുൾപ്പെടെ പുതുവർഷം പിറന്നു.