പത്തനംതിട്ട: പുതുവൽസരത്തെ വരവേറ്റ് ശബരിമലയും. സന്നിധാനത്തും പുതുവത്സരാഘോഷങ്ങൾ നടന്നു. സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ നേതൃത്വത്തിൽ ഹാപ്പി ന്യൂ ഇയറെന്ന് കർപ്പൂരം കൊണ്ടെഴുതിയാണ് പുതുവർഷത്തെ വരവേറ്റത്. സന്നിധാനത്തെത്തിയ നിരവധി അയ്യപ്പന്മാരും പുതുവർഷത്തെ ശരണമന്ത്രങ്ങളോടെ വരവേറ്റു.
ഇന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം പുതുവത്സരപ്പിറവിയോടനുബന്ധിച്ച് പ്രത്യേക പൂജകളുണ്ടായിരുന്നു. വാരണാസിയിലെ ഘാട്ടുകളിലും അയോദ്ധ്യയിലെ സരയൂ ആരതിയിലും പങ്കുചേരാൻ ആയിരക്കണക്കിന് ഭക്തരാണ് ഒത്തുചേർന്നത്. വൃന്ദാവനത്തിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിൽ പുതുവർഷത്തലേന്ന് പ്രാർത്ഥിക്കാനും അനുഗ്രം തേടാനുമായി ഭക്തജനങ്ങൾ വൻതോതിൽ എത്തിയിരുന്നു.
വൃന്ദാവനിലെ പ്രേം മന്ദിറിലും ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. പുതുവർഷത്തെ വരവേൽക്കാൻ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലും പുരി ബീച്ചിലും ഭക്തർ ഒഴുകിയെത്തി. അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമി മന്ദിറിൽ നടന്ന 2024 ലെ അവസാന ആരതിയിൽ നിരവധി ഭക്തർ പങ്കെടുത്തു.