ന്യൂഡൽഹി: 90 വർഷം പഴക്കമുള്ള എയർക്രാഫ്റ്റ് ആക്ടിന് പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭാരതീയ വായുയാൻ അധീനിയം ഇന്നുമുതൽ പ്രാബല്യത്തിൽ. ഇന്ത്യയിൽ വിമാനങ്ങളുടെ രൂപകൽപനയും നിർമ്മാണവും സുഗമമാക്കുന്നതിനും വ്യോമയാന മേഖലയിൽ എളുപ്പത്തിൽ വ്യാപാരങ്ങൾ നടത്തുന്നതിനും സഹായിക്കുന്ന പുതിയ നിയമം ഡിസംബറിലാണ് പാർലമെന്റ് പാസാക്കിയത്.
കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ജനുവരി ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചത്. വിമാനത്തിന്റെ ഡിസൈൻ, നിർമ്മാണം, പരിപാലനം, കൈവശം വയ്‌ക്കൽ, ഉപയോഗം, ഓപ്പറേഷൻ, വിൽപന, കയറ്റുമതി, ഇറക്കുമതി എന്നിവയുടെ നിയന്ത്രണങ്ങളും വ്യവസ്ഥകളുമാണ് നിയമത്തിലുള്ളത്.
21 തവണ ഭേദഗതി വരുത്തിയ 1934ലെ എയർക്രാഫ്റ്റ് ആക്ടിന് പകരമായാണ് പുതിയ നിയമം. കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ജരാപ്പു രാംമോഹൻ നായിഡുവാണ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സിവിൽ ഏവിയേഷൻ വിപണികളിലൊന്നാണ് ഇന്ത്യ. 2014 ൽ 74 വിമാനത്താവളങ്ങൾ മാത്രമാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇന്ന് അതിന്റെ എണ്ണം 157 ആയി ഉയർന്നു. കൂടാതെ ഇതേകാലയളവിൽ 400 വിമാനങ്ങൾ ഉണ്ടായിരുന്നത് 800 ആയിമാറിയെന്നും ബിൽ അവതരിപ്പിക്കവെ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.















