കൊച്ചി: കലൂർ സ്റ്റേഡിയം അപകടത്തിൽ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. കലൂർ സർക്കിളിലെ എം.എൻ നിതയേയാണ് സസ്പെൻഡ് ചെയ്തത്. പരിപാടിക്ക് അനുമതി തേടി മൃദംഗനാദം സംഘാടകർ സമീപിച്ചത് നീതയെയായിരുന്നു. പരിപാടി നടക്കുന്നതിന്റെ തലേദിവസമായിരുന്നു സമീപിച്ചത്. ടിക്കറ്റില്ലാതെ നടത്തുന്ന പരിപാടിയാണെന്ന് നിതയെ സംഘാടകർ തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് ലൈസൻസ് ആവശ്യമില്ലെന്ന നിലപാട് നിത സ്വീകരിച്ചിരുന്നു. പരിപാടിയെക്കുറിച്ച് നേരിട്ട് പരിശോധിക്കുകയോ ഇക്കാര്യം മേയറെയോ മറ്റ് മേലാധികാരികളെയോ അറിയിക്കാതിരുന്ന സാഹചര്യത്തിലാണ് ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ നടപടിയെടുത്തത്. നഗരസഭയുടെ ഹെൽത്ത്, റവന്യൂ, എൻജിനീയറിംഗ് വിഭാഗങ്ങൾക്ക് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കാനും മേയർ എം. അനിൽകുമാർ നിർദേശം നൽകി. നഗരസഭാ സെക്രട്ടറി അന്വേഷണം നടത്തി റിപ്പോർട്ട് നൽകും.
കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് സമാനമായ എല്ലാ സമ്മേളനങ്ങൾക്കും നഗരസഭയുടെ അനുമതി ആവശ്യമാണ്. റവന്യൂ, ഹെൽത്ത്, എൻജിനീയറിംഗ് വിഭാഗങ്ങളുടെ ലൈസൻസാണ് വേണ്ടത്. ഇത് ലഭിക്കുന്നതിന് വേണ്ടി പരിപാടിയുടെ തലേദിവസം നഗരസഭാ ആരോഗ്യവിഭാഗത്തെ സമീപിക്കുകയായിരുന്നു സംഘാടകർ. ഇതൊരു സാംസ്കാരിക പരിപാടിയാണെന്നും പണം വാങ്ങി നടത്തുന്ന പരിപാടിയല്ലെന്നും പുറത്തുനിന്നുള്ളവർ പങ്കെടുക്കുന്നില്ലെന്നും സംഘാടകർ ഉറപ്പുനൽകി. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിപാടിക്ക് ലൈസൻസ് ആവശ്യമില്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ മറുപടി നൽകിയത്. എന്നാൽ ഇക്കാര്യം മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ വീഴ്ച സംഭവിച്ചതിനാൽ ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കുകയായിരുന്നു നഗരസഭ.
കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മൃദംഗനാദം പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഹെൽത്ത് ഇൻസ്പെക്ടറുടെ സസ്പെൻഷനിലേക്ക് വഴിവച്ചത്. ഇതിനെല്ലാം തുടക്കമിട്ടത് എംഎൽഎ ഉമാ തോമസിനുണ്ടായ അപകടമായിരുന്നു. അശാസ്ത്രീയമായ രീതിയിൽ കെട്ടിപ്പൊക്കിയ സ്റ്റേജിൽ നിന്ന് 20 അടിയോളം താഴ്ചയിലേക്ക് പതിച്ച എംഎൽഎ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഈ സംഭവത്തിന് പിന്നാലെയാണ് പരിപാടി നടത്തിയതിലെ വീഴ്ചകൾ ചർച്ചയായത്. പൊലീസിനും സംഘാടകർക്കും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.