മദ്യപിച്ച് ലക്കുകെട്ട് വൈദ്യുതി ലൈനിൽ കിടന്നുറങ്ങി യുവാവിന്റെ സാഹസം. ചൊവ്വാഴ്ച ആന്ധ്രയിലെ പാലകൊണ്ടയിലെ ഗ്രാമത്തിലാണ് സംഭവം. നാട്ടുകാർ ഇടപെട്ട് ട്രാൻസ്ഫോമർ ഓഫ് ചെയ്തതിനാൽ പുതിയ വർഷം കാണാൻ യുവാവ് ജീവനോടെ ബാക്കിയായി.
മദ്യപിച്ച് ലക്കുകെട്ട് വൈകുന്നേരത്തൊടെയാണ് യുവാവ് പ്രദേശത്ത് എത്തിയത്. പിന്നാലെ അവിടെയുണ്ടായിരുന്നവരോട് പഴയ പലകാര്യങ്ങളും പറഞ്ഞ് വഴക്കിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇയാൾ പോസ്റ്റിൽ വലിഞ്ഞ് കയറിയത്. ഒടുവിൽ ലൈൻ കമ്പികളിൽ കയറി കിടക്കുകയും ചെയ്തു.
താഴെ ഇറങ്ങാൻ നാട്ടുകാർ താണുകേണപേക്ഷിച്ചെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. ഒടുവിൽ കല്ലെടുത്ത് എറിഞ്ഞപ്പോഴാണ് സംസാരിക്കാൻ പോലും തയ്യാറായത്. ഇതിനിടെ നാട്ടുകാർ വൈദ്യുതി വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ ഉദ്യോഗസ്ഥർ എത്താൻ വൈകിയതോടെ നാട്ടുകാർ തന്നെ ട്രാൻസ്ഫോമർ ഓഫ് ചെയ്യുകയും ചെയ്തു. ഏറെ നേരം പണിപ്പെട്ടാണ് അനുനയിപ്പിച്ച് ഇയാളെ താഴെ ഇറക്കിയത്.
സാഹസത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയത്തെ വിമർശിച്ചുള്ള ചർച്ചയ്‌ക്ക് നെറ്റിസൺസ് തുടക്കം കുറിച്ചു. ഇങ്ങനെയും ഒരാൾ ന്യൂഇയർ ആഘോഷിക്കുമോ എന്ന സംശയമാണ് കൂടുതൽ കമന്റുകളിലും നിറയുന്നത്.