കണ്ണൂർ; ബോംബ് പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. കണ്ണൂർ മാലൂർ പൂവൻപൊയിലിൽ ആണ് സംഭവം. വാഴത്തോട്ടത്തിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെ തൊഴിലാളികളുടെ ആയുധം ബോംബിൽ തട്ടിയതോടെ പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക വിവരം.
സിപിഎം ശക്തികേന്ദ്രമാണ് പൂവൻപൊയിൽ. വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
മാലൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് സംഭവം ഉണ്ടായത്. സജീവൻ എന്നയാളുടെ വാഴത്തോട്ടം തെളിക്കാനെത്തിയതായിരുന്നു തൊഴിലുറപ്പ് തൊഴിലാളികൾ. സ്ഥലത്ത് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. കൂടുതൽ ബോംബുകൾ ഉണ്ടോയെന്നാണ് പരിശോധിക്കുക. പഴക്കമുള്ള സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.
കഴിഞ്ഞ മാസം ഉളിക്കൽ പരിക്കളത്ത് സിപിഎം പ്രവർത്തകന്റെ വീടിന്റെ ടെറസിൽ നിന്ന് ബോംബുകൾ കണ്ടെത്തിയിരുന്നു. ടെറസിൽ വെച്ചിരുന്ന ബോംബുകളിലൊന്ന് താഴെ വീണ് പൊട്ടുകയായിരുന്നു. ഈ ശബ്ദം കേട്ട് നാട്ടുകാർ പൊലീസിൽ അറിയിച്ചതോടെ നടത്തിയ പരിശോധനയിലാണ് ബാക്കി ബോംബുകളും കണ്ടെത്തിയത്.
കഴിഞ്ഞ ജൂണിൽ എരഞ്ഞോളി പഞ്ചായത്ത് ഓഫീസിന് സമീപം വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചിരുന്നു. പറമ്പിൽനിന്ന് കിട്ടിയ സ്റ്റീൽ പാത്രം തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിലുൾപ്പെടെ സിപിഎമ്മിനെതിരെ വലിയ വിമർശനങ്ങൾ പൊതുസമൂഹത്തിൽ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും നിരപരാധികളായ തൊഴിലുറപ്പ് തൊഴിലാളികളും സമാനമായ അപകടത്തിന് ഇരയായിരിക്കുന്നത്.