പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്ഐക്ക് സ്ഥലംമാറ്റം. വിശ്വാസികളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. ചാവക്കാട് എസ്ഐ വിജിത് കെ വിജയനെയാണ് സ്ഥലം മാറ്റിയത്.
ക്രിസ്മസ് ദിനത്തിന് തലേന്ന് പാതിരാകുർബാനയ്ക്ക് മുന്നോടിയായി പാലയൂർ സെന്റ് തോമസ് തീർത്ഥാടന കേന്ദ്രത്തിൽ നടന്ന ക്രിസ്മസ് ആഘോഷത്തിനിടെ ആയിരുന്നു സംഭവം. പരിപാടിക്ക് മൈക് സാംഗ്ഷൻ ഇല്ലെന്ന് പറഞ്ഞ് പോലീസ് തടയുകയായിരുന്നു. സംഭവം മാദ്ധ്യമങ്ങളിൽ വാർത്തയായതും ഡിപ്പാർട്ട്മെന്റിന് നാണക്കേടായിരുന്നു.
എസ്ഐക്കെതിരെ പള്ളി ട്രസ്റ്റികളും പരാതി നൽകിയിരുന്നു. ക്രിസ്മസ് ദിനത്തിൽ കാരൾ ഗാനം ഉൾപ്പെടെ മുടങ്ങിയെന്നും ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. പേരാമംഗലം പോലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം.
സീറോ മലബാർ സഭ അദ്ധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പള്ളിയിൽ എത്തുന്നതിന് തൊട്ടുമുൻപായിരുന്നു പൊലീസിന്റെ ആക്ഷൻ. ക്രിസ്മസ് വിളക്കുകളും നക്ഷത്രങ്ങളുമൊക്കെ തൂക്കി എറിയുമെന്ന് ഉൾപ്പെടെ എസ്ഐ ഭീഷണി മുഴക്കിയിരുന്നു. പള്ളി ഭാരവാഹികൾ വിളിച്ചു പറഞ്ഞത് അനുസരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി എസ്ഐക്ക് ഫോൺ കൊടുക്കാൻ പറഞ്ഞെങ്കിലും ഇയാൾ സംസാരിക്കാൻ തയ്യാറായില്ല.
നൂറുകണക്കിന് വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കാൻ പള്ളിയിൽ എത്തിയതിനിടെ ആയിരുന്നു പൊലീസിന്റെ നിലവിട്ട പെരുമാറ്റം. അതേസമയം എസ്ഐ ചെയ്തത് നിയമപരമായി ശരിയാണെന്ന് ആയിരുന്നു പൊലീസിന്റെ റിപ്പോർട്ട്.