ന്യൂ ഓർലീൻസ്: പുതുവർഷാഘോഷങ്ങൾക്ക് പിന്നാലെ അമേരിക്കയിൽ ആക്രമണം. ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറ്റുകയും ഡ്രൈവർ വെടിയുതിർക്കുകയുമായിരുന്നു. അമേരിക്കൻ നഗരമായ ന്യൂ ഓർലീൻസിലെ ബോർബോൺ സ്ട്രീറ്റിൽ (Bourbon Street) ബുധനാഴ്ച പുലർച്ചെ 3.45ഓടെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ 10 പേർ കൊല്ലപ്പെട്ടതായും മുപ്പതിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ബോർബോൺ സ്ട്രീറ്റും ഐബർവില്ലേയും ഒത്തുചേരുന്ന സ്ഥലത്തായിരുന്നു ആക്രമണം നടന്നത്. നൈറ്റ്-ലൈഫ് സംസ്കാരത്തിന് പേരുകേട്ട സ്ഥലമാണിത്. ന്യൂഇയർ ആയതിനാൽ പുലർച്ചെയും നിരവധി പേർ സ്ഥലത്തുണ്ടായിരുന്നു. ഇവിടേക്ക് അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറ്റിയെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. തൊട്ടുപിന്നാലെ ട്രക്കിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവർ കണ്ണിൽക്കണ്ടവർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു.
അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തോയെന്ന് വ്യക്തമല്ല, സംഭവസ്ഥലത്ത് പൊലീസും എമർജൻസി യൂണിറ്റുകളുമെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ആക്രമണത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റി നിരവധി പേരെ കൊലപ്പെടുത്തിയത്. സൗദി പൗരനായ ഡോക്ടറായിരുന്നു അക്രമി.















