ആലപ്പുഴ: കേന്ദ്രസർക്കാർ നടപ്പാക്കുന്ന അർത്തുങ്കൽ തുറമുഖ പദ്ധതിയുടെ പുരോഗതി വിലയിരുത്തി കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ. ഹാർബറിൽ ചേർന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അദ്ദേഹം നൽകി.
മത്സ്യത്തൊഴിലാളികളുമായും അദ്ദേഹം ആശയവിനിമയം നടത്തി. പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ ഭാഗത്തു നിന്നുള്ള കൂടുതൽ നിർദ്ദേശങ്ങൾ കേൾക്കുന്നതിനായി ഉന്നതല ഉദ്യോഗസ്ഥ പ്രതിനിധികൾ തുറമുഖം സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ ടോയ്ലറ്റ് ബ്ലോക്ക്, ഐസ് പ്ലാന്റ്, എന്നിവ അദ്ദേഹം സന്ദർശിച്ചു .
അർത്തുങ്കൽ തുറമുഖം വികസനത്തിനായി 150.73 കോടി രൂപയാണ് നരേന്ദ്രമോദി സർക്കാർ അനുവദിച്ചത്. ഫിഷറീസ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
ബിജെപി ആലപ്പുഴ ജില്ലാ അധ്യക്ഷൻ എം. വി ഗോപകുമാർ, ചീഫ് എൻജിനീയർ എം. എ മുഹമ്മദ് അൻസാരി , സൂപ്രണ്ടിംഗ് എൻജിനീയർ എം. ടി രാജീവ് , നബാർഡ് ഡിഡിഎം പ്രേംകുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ സ്വപ്ന പി. എസ്, അർത്തുങ്കൽ ഹാർബർ അസി എക്സിക്യൂട്ടീവ് എൻജിനീയർ എം പി സുനിൽ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു















