കണ്ണൂർ: വളക്കൈയിലെ സ്കൂൾ ബസ് അപകടത്തിൽ ഡ്രൈവറുടെ വാദം തള്ളി മോട്ടോർ വാഹന വകുപ്പ്. ബസിന് യന്ത്രത്തകരാറില്ലെന്നാണ് എംവിഡിയുടെ പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ല. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാകാമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചിരുന്നു.
ഇറക്കത്തിൽ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നും ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നുമാണ് ഡ്രൈവറുടെ മൊഴി. എന്നാൽ പരിശോധനയിൽ ബസിന് യന്ത്രത്തകരാറുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് എംവിഐ ഉദ്യോഗസ്ഥന്‍ റിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഫോൺ ഉപയോഗിച്ചതിനാൽ ശ്രദ്ധ പാളിയതാകാൻ സാധ്യതയുണ്ട്. അശാസ്ത്രീയമായി നിർമ്മിച്ച റോഡും അപകടകരണമായെന്നാണ് എംവിഡിയുടെ നിഗമനം.
ഡ്രൈവറുടെ മൊഴി സ്കൂൾ പ്രിൻസിപ്പാളും തള്ളിക്കളഞ്ഞു. ഇതുവരെയും തകരാറുണ്ടെന്ന തരത്തിൽ പരാതികൾ വന്നിട്ടില്ല. 2027 വരെ ബസിന് പെർമിറ്റുണ്ട്. ഫിറ്റ്നസും നീട്ടിക്കിട്ടിയിരുന്നുവെന്ന് പ്രിൻസിപ്പൽ പറഞ്ഞു. അപകടം നടന്ന സമയത്ത് ഡ്രൈവർ ഫോൺ ഉപയോഗിച്ചതായുള്ള തെളുവുകൾ നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം ഫിറ്റ്നസ് അവസാനിച്ച സ്കൂൾ ബസുകൾക്ക് ഗതാഗത കമ്മീഷണർ ചട്ടവിരുദ്ധമായാണ് കാലാവധി നീട്ടി നൽകിയതെന്ന വിമർശനവും ശക്തമാകുന്നുണ്ട്.
അപകടത്തിൽ മരിച്ച അഞ്ചാംക്ലാസ് വിദ്യാർത്ഥിനി നേദ്യയുടെ സംസ്കാരം ഇന്ന് നടക്കും. പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം. ശേഷം നേദ്യ പഠിച്ച കുറുമാത്തൂർ ചിന്മയ യുപി സ്കൂളിൽ പൊതുദർശനമുണ്ടാകും.18 കുട്ടികളാണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇവരിൽ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. ഡ്രൈവർ നിസാമും ആയ സുലോചനയും തളിപ്പറമ്പ് ആശുപത്രിയിൽ ചികിത്സയിലാണ്.