മാലിന്യം വലിച്ചെറിയുന്ന നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങൾക്കും അവസരം. നിയമലംഘകർക്ക് പിഴയും ഇവരെ കണ്ടെത്തിയവർക്ക് ഈ പിഴയുടെ ഒരുഭാഗവും ലഭിക്കും. വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായാണ് ആകർഷകമായ സംരഭം. വലിച്ചെറിയൽ വിരുദ്ധവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച മന്ത്രി എം.ബി.രാജേഷാൻ പുതിയ സംരംഭം ജനങ്ങൾക്കു പരിചയപ്പെടുത്തിയത്.
പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും പാഴ് വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയുന്നതിന്റെ ഫോട്ടോയോ, വീഡിയോയോ പൊതുജനങ്ങൾക്ക് 9446 700 800 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയയ്‌ക്കാം. ആളെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ വണ്ടിനമ്പർ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ ആവണം ഇത് അയക്കേണ്ടത്.
ഇത്തരം നിയമലംഘനങ്ങൾ പരിശോധിച്ച് 10,000 രൂപ ശിക്ഷ ഈടാക്കിയാൽ അതിൽ 2500 രൂപ വിവരമറിയിച്ച ആളിന് ലഭിക്കും. ഈ സൗകര്യം ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങൾ പരമാവധി മുന്നോട്ടുവരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. പൊതുസ്ഥലങ്ങളിൽ ഏതൊരു പാഴ് വസ്തു വലിച്ചെറിഞ്ഞാലും പതിനായിരം രൂപവരെ പിഴ ഈടാക്കാം. ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിന് മുനിസിപ്പൽ-പഞ്ചായത്തിരാജ് ആക്ടുകൾ പ്രകാരം ഒരു ലക്ഷം രൂപവരെ പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണെന്ന് മന്ത്രി ഓർമപ്പെടുത്തി.