തിരുവനന്തപുരം: കലാ,കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകളെ വിലക്കും. വരും വർഷങ്ങളിലെ മേളയിൽ നിന്നും ഈ സ്കൂളുകളെ വിലക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.
ഇക്കഴിഞ്ഞ നവംബർ 11 ന് നടന്ന കായികമേളയുടെ വിധി നിർണയവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ സമാപന സമ്മേളനവേദിയിൽ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. ഇതിനെത്തുടർന്ന് മൂന്നംഗ അന്വേഷണകമ്മീഷനെ പൊതുവിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം.
കലാകായിക മേളകളിൽ വിദ്യാർത്ഥികൾ പരസ്യപ്രതിഷേധത്തിന് മുതിർന്നാൽ അവരെ അയോഗ്യരാക്കി ആ സ്കൂളുകൾക്ക് വരും വർഷങ്ങളിൽ വിലക്കേർപ്പെടുത്താനാണ് തീരുമാനം. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ അദ്ധ്യാപകർക്കെതിരെയും വകുപ്പ്തല അച്ചടക്ക നടപടിയുണ്ടാകും. എല്ലാ സ്‌കൂളുകളിലേക്കും വിദ്യാഭ്യാസവകുപ്പ് ഈ ഉത്തരവ് അയച്ചിട്ടുണ്ട്.