തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിന്റെ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ രാവിലെ പത്തരയ്‌ക്ക് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനും അടക്കമുള്ളവർ പങ്കെടുത്തു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദറാണ് പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബംഗാൾ ഗവർണർ സിവി ആനന്ദബോസ്, സ്പീക്കർ, മറ്റ് മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, പ്രത്യേക ക്ഷണിതാക്കൾ തുടങ്ങിയവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
ബിഹാർ ഗവർണറായി സേവനമനുഷ്ഠിക്കുന്നതിനിടെയായിരുന്നു രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് കേരളത്തിന്റെ ചുമതല നൽകി രാഷ്‌ട്രപതി ഭവൻ ഉത്തരവിറക്കിയത്. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന് ബിഹാറിന്റെ ചുമതലയും വച്ചുമാറി. 70-കാരനായ അർലേക്കർ 1980 മുതൽ ഗോവയിൽ സജീവ ബിജെപി പ്രവർത്തനകനായിരുന്നു. ഗോവയുടെ സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഹിമാചൽ ഗവർണറായും തുടർന്ന് ബിഹാറിന്റെ ഗവർണറായും ചുമതല നിർവഹിച്ചു. ഒടുവിൽ കേരളത്തിലെത്തിയ അർലേക്കർ സംസ്ഥാന സർക്കാരുമായി ഏതുവിധത്തിലുള്ള ഇടപെടലുകളാണ് പുലർത്തുകയെന്നാണ് രാഷ്‌ട്രീയകേരളം ഉറ്റുനോക്കുന്നത്.