കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെയും ശിവഗിരി മഠത്തേയും വിമർശിച്ച് നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ക്ഷേത്രങ്ങളിൽ ഷർട്ടിട്ട് പോകാമെന്ന ശിവഗിരി മഠത്തിന്റെ പരാമർശം തെറ്റാണ്. മുഖ്യമന്ത്രി ഇതിനെ പിന്തുണയ്‌ക്കരുതായിരുന്നു. ഓരോ ക്ഷേത്രങ്ങൾക്കും ഓരോ ആചാരങ്ങളുണ്ട്. ആ ആചാരങ്ങൾ മാറ്റിമറിക്കണമെന്ന് പറയുന്നതെന്തിനാണെന്നും സുകുമാരൻ നായർ ചോദിച്ചു. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
“ഇന്നലെ പത്രങ്ങളിൽ ഒരു വാർത്ത വന്നിരുന്നു. ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് പോകാമെന്ന സ്വാമി സച്ചിതാനന്ദയുടെ പരാമർശത്തെ പിന്തുണച്ച് മുഖ്യമന്ത്രി – എന്നതായിരുന്നു വാർത്ത. ആചാരങ്ങൾ മാറ്റിമറിക്കാൻ പറയുന്നത് എന്തിനാണ്? ഈ വ്യാഖ്യാനങ്ങൾ ഹിന്ദുവിന്റെ പുറത്തുമാത്രമേയുള്ളൂ? ഇവിടെ ക്രൈസ്തവ മതക്കാരുണ്ട്. ഇന്നത്തെ കാലത്തിന് ഇണങ്ങാത്ത പല ആചാരങ്ങളും അവർക്കുമില്ലേ.. വസ്ത്രധാരണത്തിലായാലും മറ്റുള്ള കാര്യത്തിലായാലും മുസ്ലീം സമുദായത്തിലുള്ളവർക്കും അത്തരം ആചാരങ്ങളുണ്ട്. ആ നടപടിക്രമങ്ങളെ വിമർശിക്കാൻ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോ? ഇല്ല..! അതുകൊണ്ട് ആരുചോദിച്ചാലും ഇല്ലെങ്കിലും ഇക്കാര്യത്തിൽ അഭിപ്രായം പറയാനുള്ള അവകാശം നമുക്കുണ്ട്. ഹിന്ദു എന്ന് പറയുന്നത് ഏതെങ്കിലുമൊരു സംഘടന മാത്രമല്ല. എല്ലാ ഹിന്ദുക്കളുടെയും പ്രതിനിധിയാണ് ശിവഗിരിയെന്ന തരത്തിലാണ് ഇത്തരം വ്യാഖ്യാനങ്ങൾ നടത്തുന്നത്. ശിവഗിരിയുടെ ക്ഷേത്രങ്ങളിൽ ഈ തീരുമാനങ്ങൾ നടപ്പാക്കിക്കോളൂ.. അതിലൊന്നും ആർക്കും തർക്കമില്ല. ആ ക്ഷേത്രങ്ങളിൽ ഷർട്ടിട്ട് പോകാൻ നായർക്കോ മറ്റ് സമുദായത്തിലുള്ളവർക്കോ താത്പര്യമുണ്ടെങ്കിൽ പോകാം. ആർക്കും ഒരു പ്രയാസവുമില്ല. പക്ഷെ കാലാകാലങ്ങളായി ഇവിടെ നിലനിൽക്കുന്ന ആചാരങ്ങൾ മാറ്റിമറിക്കണമെന്ന് പറയാൻ ഇവരൊക്കെ ആരാ? ഇതെല്ലാം വിശ്വാസികളുടെ അവകാശമാണ്.
ഒരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്. അത് ഹിന്ദുവിന്റേതാകട്ടെ, ഹിന്ദുക്കളിലെ വിവിധ വിഭാഗങ്ങൾക്കാവട്ടെ, ഓരോരുത്തർക്കും ഓരോ വിശ്വാസമാണ്. ഷർട്ട് ധരിച്ച് കയറാവുന്ന ക്ഷേത്രങ്ങളും അല്ലാതെ പോകേണ്ട ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ഓരോ ക്ഷേത്രങ്ങളുടെയും ആചാരങ്ങൾക്കനുസരിച്ച്, ഷർട്ട് ധരിച്ചാണെങ്കിലും അല്ലെങ്കിലും അവിടേക്ക് പോകാനുള്ള സ്വാതന്ത്ര്യം ഹൈന്ദവ സമൂഹത്തിലുള്ളവർക്കുണ്ട് എന്നതാണ് എൻഎസ്എസിന്റെ അഭിപ്രായം. ഈ പരിഷ്കാരങ്ങളും പുരോഗമനവാദവും എത്രയോ വർഷങ്ങൾക്ക് മുൻപ് മന്നത്ത് പദ്മനാഭൻ തുടങ്ങിയതാണ്. ഉടുപ്പിട്ട് കേറാവുന്ന ക്ഷേത്രങ്ങളിൽ ഉടുപ്പിട്ട് കയറാം. അല്ലാത്ത ഇടത്ത് ഉടുപ്പ് ഊരിയും, ഇതിനെയൊന്നും ചാതുർവർണ്യവുമായി കൂട്ടിക്കെട്ടേണ്ട കാര്യമില്ല. അതിനുള്ള അവകാശം ഹൈന്ദവ ജനതയ്‌ക്കുണ്ട്.”- സുകുമാരൻ നായർ പറഞ്ഞു.