കേരളത്തിലെ പ്രധാന സാമൂഹിക പരിഷ്കർത്താവും നായർ സമുദായാചാര്യനുമായ ഭാരതകേസരി മന്നത്ത് പദ്മനാഭന് രാഷ്ട്രീയ സ്വയം സേവക സംഘത്തോടും പരിവാർ പ്രസ്ഥാനങ്ങളോടും ഉണ്ടായിരുന്നത് നിസ്സീമമായ അനുഭാവം. ഇത് അദ്ദേഹം പല തവണ തന്റെ പ്രസംഗങ്ങളിലും പ്രവർത്തികളും കൂടി ലോക സമക്ഷത്തിൽ എത്തിച്ചിട്ടുള്ളതുമാണ്.
പരമപൂജനീയ ഗുരുജി ഗോൾവൽക്കറുടെ 51-ാം ജന്മദിനാഘോഷം സംബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന പൊതുയോഗത്തില്‍ ശ്രീ മന്നത്ത് പത്മനാഭന് നടത്തിയ പ്രസംഗം ഈ അനുഭാവം അടിവരയിട്ടുറപ്പിക്കുന്നു. ഈ പ്രസംഗം 1956 മാര്‍ച്ച് 18 ലക്കം കേസരിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
“ഹിന്ദുക്കളായ നമ്മുടെ ദൗര്ബ്ബല്യത്തിനും അസംഘടിതാവസ്ഥക്കും അധഃപതനത്തിനും തജ്ജന്യമായ ഭീരുത്വത്തിനും കൈകണ്ട ഔഷധം ആര്.എസ്.എസ് മാത്രമാണ്. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന കേരളത്തിലെ ഓരോ കരകളിലും ഉണ്ടാകേണ്ടിയിരിക്കുന്നു. കുറേക്കൂടി യുവാവായിരുന്നുവെങ്കിൽ ഞാന്‍ ആർ എസ്സ് എസ്സിന്റെ കായികപരിശീലനങ്ങളിൽ പോലും പങ്കെടുക്കുമായിരുന്നു” എന്നാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാം സർ സംഘ ചാലകായിരുന്ന പരമപൂജനീയ ഗുരുജി ഗോൾവൽക്കരുടെ 51-ാം ജന്മദിനാഘോഷം സംബന്ധിച്ച് മാർച്ച് 8 നു ശ്രീ ചിത്തിര തിരുനാൾ ഹിന്ദുമത ഗ്രന്ഥശാലയിൽ ചേര്‍ന്ന പൗരമഹായോഗത്തെ അഭിസംബോധനം ചെയ്തുകൊണ്ടാണ് മന്നത്തു പത്മനാഭൻ ഇങ്ങിനെ പ്രസംഗിച്ചത്.
“ഭാരതീയതയുടെ ഉദ്ദീപനശക്തിയാണ് നാം ആർ. എസ്സ്. എസ്സുകാരുടെ പ്രവർത്തനങ്ങളില്‍ ദര്‍ശിക്കുന്നത്. പ്രസംഗിക്കുവാന്‍ വളരെയേറെ വിരുതന്മാരായ നാമെല്ലാം പ്രായോഗികമായ പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കമാണെന്നു ഖേദപൂർവ്വം സമ്മതിക്കേണ്ടിയിരിക്കുന്നു. ഈ നില മാറുകതന്നെ വേണം. ശ്രീ ഗുരുജി, ഈ മഹത്തായ സംഘടനക്കു പ്രഭാവപൂര്‍ണ്ണമായ നേതൃത്വം കൊടുത്തുകൊണ്ടു ഭാരതമാതാവിനെ വൈഭവസമ്പൂർണ്ണമായ പദത്തിലെത്തിക്കുവാൻ ആയുരാരോഗ്യത്തോട് കൂടി ദീർഘകാലം ജീവിച്ചിരിക്കണമെന്നു നമുക്കെല്ലാം പ്രാര്‍ത്ഥിക്കാം.” അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
പുത്തേഴത്ത് രാമന് മേനോന് ആധ്യക്ഷ്യം വഹിച്ച പ്രസ്തുത യോഗത്തില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു.
ആർ എസ് എസ് 1958 ൽ ടി ഡി എം ഹാളിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലും ദർബാർ ഹാൾ ഗ്രൗണ്ടിൽ ഗണവേഷധാരികൾക്കായി നടത്തിയ പരിപാടിയിലും അധ്യക്ഷനായത് മന്നത്ത് പദ്മനാഭൻ ആയിരുന്നു. ഈ രണ്ടു പരിപാടികളിലും പരമ പൂജനീയ ഗുരുജി പങ്കെടുത്തിരുന്നു. ഈ പരിപാടികൾക്ക് ശേഷം മന്നത്ത് പദ്മനാഭൻ തങ്ങിയത് ആർ എസ്സ് എസ് ജില്ലാകാര്യവാഹ് ആയിരുന്ന അനന്ത പ്രഭുവിന്റെ വീട്ടിലായിരുന്നു.
കന്യാകുമാരി വിവേകാനന്ദപ്പാറയിലെ സ്മാരക നിർമ്മാണത്തിനായി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സർകാര്യവാഹ് പൂജനീയ ഏകനാഥ റാനഡെജി ഭാരതമൊട്ടാകെ സഞ്ചരിച്ച് സേവാനിധി സംഘടിപ്പിച്ചിരുന്നു. അന്നദ്ദേഹം കേരളത്തിലെത്തിയപ്പോൾ, യാതൊരു സഹായവും നൽകാതെ അന്നത്തെ ഇ. എം. എസ്. സർക്കാർ തിരസ്കരിച്ചു . തുടർന്ന് ഏകനാഥജി സഹായം തേടിയെത്തിയത് മന്നത്താചാര്യന്റെ മുന്നിലായിരുന്നു.രാജ്യമൊന്നാകെ കൈകോർത്ത ആ വലിയ സംരഭത്തിന് കേരളത്തിൽ സർവ്വ സഹായവും ചെയ്തത് മന്നത്ത് പദ്മനാഭന്റെ നേതൃത്ത്വത്തിലായിരുന്നു. ആർ. എസ്. എസ്. ദ്വിതീയ സർസംഘചാലകായിരുന്ന ഗുരുജി ഗോൾവൽക്കർ കേരളത്തിൽ എത്തുന്ന സമയങ്ങളിൽ എല്ലാം സന്ദർശിയ്ക്കുന്നവരിൽ ഒരാളായിരുന്നു മന്നത്താചാര്യൻ. ഹൈന്ദവ ഏകീകരണം മന്നത്ത് പദ്മനാഭന്റെ ഏറ്റവും വലിയ ആശയങ്ങളിലൊന്നായിരുന്നു. ആ ആശയത്തെ മുന്നിൽ നിർത്തിയാണ് അദ്ദേഹം ആർ ശങ്കറിനൊപ്പം ഹിന്ദു മഹാമണ്ഡലം തുടങ്ങിയത്.
അങ്ങിനെ ഏതു വിധത്തിൽ നോക്കിയാലും ഹൈന്ദവ ഏകീകരണത്തിലും സമാജ ഉന്നമനത്തിലും മുന്‍കൈ എടുത്ത മന്നത്താചാര്യൻ പരിവാർ പ്രസ്ഥാനങ്ങളോട് എന്നും അടുപ്പവും അനുഭാവവും പുലർത്തിയിരുന്നു എന്ന് കാണാം.