കാസർക്കോട്: മലയാളി ഉംറ തീർത്ഥാടകരെ മദീനയിൽ ഉപേക്ഷിച്ച് ഏജന്റ് മുങ്ങി. അഷ്റഫ് സഖാഫിയുടെ ഉടമസ്ഥതയിലുള്ള മുഹമ്മദീയ ഹജ്ജ് ഗ്രൂപ്പ് വഴി പോയവർക്കാണ് കടുത്ത ബുദ്ധിമുട്ട് നേരിട്ടത്. ടിക്കറ്റ് ശരിയാക്കാൻ എന്ന് പറഞ്ഞ് പുറത്ത് പോയി സഖാഫി നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇതോടെ പ്രായമായവരും ക്യാൻസർ രോഗികളും അടക്കം കൊടും തണുപ്പിൽ പെരുവഴിയിലായി.
കണ്ണൂർ, കാസർക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നായി 160 ഓളം പേരാണ് മുഹമ്മദീയ ഹജ്ജ് ഗ്രൂപ്പ് വഴി ഉംറയ്‌ക്ക് പോയത്. 65,000 ത്തോളം രൂപ നൽകി 15 ദിവസത്തെ പാക്കേജിലാണ് സൗദിയിൽ എത്തിയത്. അഷ്റഫ് സഖാഫിയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ സന്ദർശിച്ച സംഘം മദീനയിൽ എത്തി. ഇതിനിടെയാണ് മടക്കയാത്രയ്‌ക്ക് ടിക്കറ്റ് ശരിയാക്കാനെന്ന് പറഞ്ഞ് ഇയാൾ കോഴിക്കോടേക്ക് മുങ്ങിയത്.
തുടർന്ന് ഇന്ത്യൻ കോൺസുലേറ്റും ഹജ്ജ് ഉംറ മന്ത്രാലയവും ഇടപെട്ടാണ് ഇവർക്ക് ഭക്ഷണവവും താമസവും ഏർപ്പാടാക്കിയത്. സമ്മർദ്ദത്തിന്റെ ഫലമായി ഏജൻസി ബുക്ക് ചെയ്ത ടിക്കറ്റാകട്ടെ മദീനയിൽ നിന്നും 12,00 കിമി അകലെ ദമാം വഴിയായിരുന്നു. എന്നാൽ കൃത്യസമയത്ത് യാത്ര സൗകര്യം ലഭിക്കാത്തതിനാൽ 80 ഓളം പേരുടെ യാത്ര മുടങ്ങുകയും ചെയ്തു. സന്നദ്ധ സംഘടനകളും ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ട് ഇന്ന് ഉച്ചയ്‌ക്കുള്ള വിമാനത്തിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കും.















