ന്യൂഡൽഹി: ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരായ നാല് പേരെ കൂടി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പതിലധികം അനധികൃത കുടിയേറ്റക്കാരെയാണ് പരിശോധനയിൽ ഇതുവരെ പിടികൂടിയത്. അറസ്റ്റിലായ എല്ലാവരേയും ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യതലസ്ഥാനത്ത് ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി വിവിധ സ്റ്റേഷൻ പരിധിയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക പരിശോധനയാണ് പൊലീസ് നടത്തുന്നത്. ഒടുവിൽ നടത്തിയ റെയ്ഡിൽ നാല് പേരെ അറസ്റ്റ് ചെയ്തെന്നും ഇവരെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചതായും സൗത്ത് ഡിസിപി അങ്കിത് ചൗഹാൻ അറിയിച്ചു. ഇതുവരെ മുപ്പതിലധികം അനധികൃത കുടിയേറ്റക്കാർ പിടിയിലായിട്ടുണ്ട്. വരുന്ന രണ്ട് മാസം കൂടി പ്രത്യേക പരിശോധന തുടരുമെന്നും ഡൽഹി പൊലീസ് അറിയിച്ചു.
ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസുമായി ഏകോപിപ്പിച്ചാണ് നാടുകടത്തൽ നടപടി സ്വീകരിക്കുന്നത്. ഡൽഹി ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധന ആരംഭിച്ചത്. തുടർന്ന് അസം, ത്രിപുര, മേഘാലയ ഉൾപ്പടെയുള്ള വടക്കുകിഴക്കൻ മേഖലയിലും മറ്റ് സംസ്ഥാനങ്ങളിലും ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനുള്ള പരിശോധന ശക്തമാക്കി.
നിയമവിരുദ്ധമായി ഇന്ത്യയിലെത്തുന്ന ബംഗ്ലാദേശി പൗരന്മാർ വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നുണ്ടെന്ന് സുരക്ഷാ ഏജൻസികൾ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പരിശോധനയ്‌ക്ക് നിർദേശം ലഭിച്ചത്.