ന്യൂഡൽഹി: കാപ്പിക്കുരു കയറ്റുമതി മേഖലയിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. നവംബർ വരെയുള്ള കണക്കുപ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിൽ കാപ്പി കയറ്റുമതി ഒരു ബില്യൺ ഡോളർ കടന്നു. 2024 ഏപ്രിൽ-നവംബർ മാസത്തിനിടെ രേഖപ്പെടുത്തിയ കയറ്റുമതിയുടെ കണക്കാണിത്. മുൻവർഷത്തേക്കാൾ 29 ശതമാനമാണ് വർദ്ധനവ്. ഇതാദ്യമായാണ് കാപ്പി കയറ്റുമതി ഒരു ബില്യൺ ഡോളർ പിന്നിടുന്നതെന്ന സവിശേഷതയുമുണ്ട്.
റോബസ്റ്റ കാപ്പിയുടെ വിലവർദ്ധനവും യൂറോപ്യൻ കച്ചവടക്കാർ തന്ത്രപരമായി സ്റ്റോക്ക് ചെയ്യുന്നതും ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കൂട്ടാൻ കാരണമായെന്നാണ് വിലയിരുത്തൽ. യൂറോപ്യൻ യൂണിയന്റെ വനനശീകരണ നിയമത്തിന് യൂറോപ്യൻ കച്ചവടക്കാർ തയ്യാറെടുക്കുന്നതിനാൽ കാപ്പിയുടെ ചെലവ് വർദ്ധിക്കുന്നതിനൊപ്പം യൂറോപ്യൻ യൂണിയനിലേക്കുള്ള മറ്റ് കാർഷിക വിളകളുടെ ഇറക്കുമതിയും ഉയർന്നു.
വില വർദ്ധനവ്
ആഗോള ഉത്പാദനത്തിന്റെ 40 ശതമാനത്തിലധികം റോബസ്റ്റ കോഫിയാണ്. ഇതിന്റെ വിലയിൽ വൻ കുതിപ്പാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി രേഖപ്പെടുത്തുന്നത്. 2024ൽ മാത്രം 63 ശതമാനം വില വർദ്ധനവ് രേഖപ്പെടുത്തി. വിയറ്റ്നാം, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സപ്ലൈ പലകാരണങ്ങളാൽ തടസപ്പെട്ടതിനാൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഉയരാൻ കാരണമായി.
ആഗോള വെല്ലുവിളികൾ
ഉയർന്ന താപനിലയും വരൾച്ചയും കാരണം ബ്രസീലിലെ അറബിക, റോബസ്റ്റ ബീൻസുകളുടെ വിളവ് കുറഞ്ഞിരുന്നു. തൽഫലമായി ബ്രസീലിൽ നിന്നുള്ള കോഫീ ബീൻസ് കയറ്റുമതിയും ഇടിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉത്പാദകരിൽ രണ്ടാമതാണ് വിയറ്റ്നാം, ഇവിടെയും കാപ്പിയുടെ ഉത്പാദനം കുറഞ്ഞു. എന്നാൽ ഇന്ത്യയിലെ കർണാടക, കേരള, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോഫിയുടെ രണ്ട് പ്രധാന വകഭേദങ്ങളായ അറബികയും റോബസ്റ്റയും ഉത്പാദിപ്പിക്കുന്നതിൽ വർദ്ധനവ് രേഖപ്പെടുത്തി. ആഗോള വെല്ലുവിളികളെ അതിജീവിച്ച് കോഫി ഉത്പാദിപ്പിക്കാൻ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞതിനാൽ ലോകത്തെ ഏറ്റവും വലിയ കാപ്പി ഉത്പാദകരുമായി നേരിട്ട് മത്സരം കാഴ്ചവെക്കാൻ ഇന്ത്യക്ക് സാധിച്ചു.
യൂറോപ്യൻ വിപണി
യൂറോപ്യൻ യൂണിയൻ, ഇറ്റലി, ബെൽജിയം, ജെർമനി എന്നിവിടങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള കോഫി കയറ്റുമതിയുടെ പ്രധാന ഉപഭോക്താക്കൾ. വനനശീകരണ നിയമം (EUDR) പോലുള്ള പുതിയ നിയന്ത്രണങ്ങൾ യൂറോപ്യൻ യൂണിയനിൽ കോഫി വാങ്ങുന്നവരെ അത് സംഭരിക്കാൻ പ്രേരിപ്പിക്കുന്നു. വനനശീകരണ ഭൂമികളിൽ ഉത്പാദിപ്പിക്കുന്ന വിളകൾ യൂറോപ്യൻ യൂണിയനിൽ വിൽക്കുന്നത് തടയാൻ ലക്ഷ്യമിടുന്ന നിയന്ത്രണമാണ് EUDR.