ന്യൂ ഓർലീൻസ്: അമേരിക്കയിൽ ന്യൂഇയർ ദിനം പുലർച്ചെ മുൻ സൈനികൻ നടത്തിയ ഭീകരാക്രമണം ഇസ്ലാമിക് സ്റ്റേറ്റിൽ (ISIS) നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാണെന്ന് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ. 100 ശതമാനവും ISISൽ നിന്ന് പ്രചോദിതമായി നടപ്പിലാക്കിയ ആക്രമണമാണ് ന്യൂ ഓർലീൻസിൽ നടന്നതെന്ന് എഫ്ബിഐ അടിവരയിട്ട് പറയുന്നു.
അമേരിക്കൻ മുൻ സൈനികനായ ഷംസുദ്ദീൻ ജബ്ബാറായിരുന്നു ആക്രമണത്തിന് പിന്നിൽ. പുതുവത്സരാഘോഷങ്ങൾക്കായി ഒത്തുകൂടിയ ജനക്കൂട്ടത്തിലേക്ക് അമിതവേഗത്തിൽ ട്രക്ക് ഓടിച്ചുകയറ്റി നിരവധി പേരെ ഇടിച്ചുതെറിപ്പിച്ച ഷംസുദ്ദീൻ, വാഹനത്തിൽ നിന്ന് പുറത്തിറങ്ങി കാണുന്നവരെയെല്ലാം വെടിവച്ച് കൊല്ലുകയും ചെയ്തിരുന്നു. ജിഹാദിസ്റ്റ് ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഷംസുദ്ദീൻ ഇത് ചെയ്തതെന്നതിൽ സംശയമില്ലെന്നും എഫ്ബിഐ പറഞ്ഞു. ആക്രമണം നടത്തിയ ട്രക്കിന് പിറകിൽ ISIS പതാകയും സ്ഥാപിച്ചിരുന്നു. പ്രതി ഒറ്റയ്‌ക്കാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഭീകരാക്രമണത്തിൽ മറ്റാർക്കെങ്കിലും പങ്കുള്ളതായി നിലവിൽ സ്ഥിരീകരണമില്ലെന്നും എഫ്ബിഐ ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടർ ക്രിസ്റ്റഫർ റായ വ്യക്തമാക്കി.
വാടകയ്‌ക്കെടുത്ത Ford F-150 പിക്കപ്പ് ഉപയോഗിച്ച് 42-കാരനായ ജബ്ബാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശേഷം വെടിവെപ്പ് ആരംഭിച്ചു. തുടർന്ന് പൊലീസെത്തി പ്രത്യാക്രമണം നടത്തിയപ്പോഴാണ് അക്രമിയെ കീഴടക്കാൻ സാധിച്ചത്. അതുവരെയും ജബ്ബാർ ആക്രമണം തുടർന്നിരുന്നു. രണ്ട് പൊലീസ് ഓഫീസറെ പരിക്കേൽപ്പിച്ച ജബ്ബാർ സംഭവസ്ഥലത്ത് വച്ച് കൊല്ലപ്പെടുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്‌ക്കുന്ന നിരവധി വീഡിയോകൾ ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ജബ്ബാർ പങ്കുവച്ചിരുന്നതായും എഫ്ബിഐ കണ്ടെത്തി.
പരമാവധിയാളുകളെ പരിക്കേൽപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ട്രക്ക് ഇടിച്ചുകയറ്റിയതെന്നാണ് എഫ്ബിഐയുടെ വിലയിരുത്തൽ. 2007 മുതൽ 2015 വരെയുള്ള കാലത്ത് ഹ്യൂമൺ റിസോഴ്‌സ് സ്‌പെഷ്യലിസ്റ്റായും ഐടി സ്‌പെഷ്യലിസ്റ്റായും കരസേനയിൽ സേവനമനുഷ്ഠിച്ച ജബ്ബാർ പിന്നീട് 2020 വരെ ആർമി റിസർവിലായിരുന്നു ജോലി ചെയ്തിരുന്നതെന്നും പെൻ്റഗൺ അറിയിച്ചു. 2009 ഫെബ്രുവരി മുതൽ 2010 ജനുവരി വരെയുള്ള കാലയളവിൽ ജബ്ബാറിനെ അഫ്ഗാനിസ്ഥാനിൽ വിന്യസിച്ചിരുന്നു. എങ്ങനെയാണ് ഇയാൾ ഇസ്ലാമിക് സ്റ്റേറ്റിൽ ആകൃഷ്ടനായതെന്നാണ് എഫ്ബിഐ പരിശോധിക്കുന്നത്.