മൂടൽമഞ്ഞ്; ഓറഞ്ച് മുന്നറിയിപ്പ്; സ്കൂളുകൾ അടച്ചു, വിമാനങ്ങൾ വൈകുന്നു; ഡൽഹിയിൽ ജാഗ്രത

Published by
Janam Web Desk

ന്യൂഡൽ​ഹി: ഉത്തരേന്ത്യയിൽ ശൈത്യത്തെ തുടർന്ന് പുകമഞ്ഞ് വർദ്ധിച്ച പശ്ചാത്തലത്തിൽ ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന മൂന്ന് ദിവസം ഡൽഹിയിലുടനീളം പുകമഞ്ഞും മൂടൽമഞ്ഞും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 9-18 ഡി​ഗ്രി താപനിലയായിരിക്കും അനുഭവപ്പെടുക. നേരിയ തോതിൽ കാറ്റുമുണ്ടാകും.

മൂടൽമഞ്ഞിനെ തുടർന്ന് നോയിഡയിലെ സ്കൂളുകളും അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ സ്കൂളിലേക്ക് വരേണ്ടതില്ലെന്നാണ് ​നോയിഡയിലെ ​ഭരണകൂടം അറിയിച്ചിരിക്കുന്നത്. നോയിഡയിൽ താപനില കുറഞ്ഞതിനാൽ, വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായാണ് സ്കൂളുകൾ അടച്ചിടാനുള്ള നടപടി സ്വീകരിച്ചതെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.

തണുത്ത കാലാവസ്ഥയും മൂടൽമഞ്ഞുള്ള അന്തരീക്ഷവും സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് ഭീഷണിയാകും. അപകടസാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാ​ഗമായാണ് നടപടിയെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ രാഹുൽ പൻവാർ സ്‌കൂൾ പ്രിൻസിപ്പൽമാരെ അറിയിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് മനീഷ് കുമാർ വർമയുടെ നിർദേശപ്രകാരം പുറപ്പെടുവിച്ച ഉത്തരവിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

Share
Leave a Comment