ലഖ്നൗ: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ 2018ൽ എബിവിപി പ്രവർത്തകൻ 22കാരനായ ചന്ദൻ ഗുപ്തയെ കൊലപ്പെടുത്തിയ കേസിൽ കോടതി വിധി പറഞ്ഞു. കേസിൽ ഉൾപ്പെട്ട 30 പ്രതികളിൽ 28 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയപ്പോൾ രണ്ട് പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. ശിക്ഷ ഇനിയും തീരുമാനിച്ചിട്ടില്ല.
2018 ജനുവരി 26ന് കാസ്ഗഞ്ചിൽ തിരംഗ യാത്രയ്ക്ക് നേരെ മത തീവ്രവാദികൾ നടത്തിയ ആക്രമണത്തിലാണ് ചന്ദൻ ഗുപ്ത കൊല്ലപ്പെട്ടത്.
റിപ്പബ്ലിക് ദിനത്തിലായിരുന്നു സംഭവം . അന്ന് വിഎച്ച്പി, എബിവിപി, ഹിന്ദു യുവവാഹിനി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ത്രിവർണ പതാകയും കാവി പതാകയുമായി 100 ബൈക്കുകളിൽ യാത്ര നടത്തി. ചന്ദൻ ഗുപ്ത എന്ന അഭിഷേക് ഗുപ്തയും സഹോദരൻ വിവേക് ഗുപ്തയും മറ്റ് കൂട്ടാളികളും ചേർന്നാണ് ഇതിന് നേതൃത്വം നൽകിയത്. ഭാരത് മാതാ കീ ജയ്, വന്ദേമാതരം എന്നിവ വിളിച്ച് ഇരുചക്രവാഹനങ്ങളിൽ എല്ലാവരും കൈകളിൽ ത്രിവർണ്ണ പതാകയുമായി പോവുകയായിരുന്നു.
മുസ്ലീം ഭൂരിപക്ഷമുള്ള ബദ്ദുനഗർ പ്രദേശത്ത് റാലി പ്രവേശിച്ചപ്പോൾ മത തീവ്രവാദികൾ റാലി തടഞ്ഞു. കുറ്റപത്രത്തിൽ പറയുന്നത് പ്രകാരം “ഇവരുടെ യാത്ര തഹസിൽ റോഡിൽ നിന്ന് ഗവൺമെൻ്റ് ഗേൾസ് ഇൻ്റർ കോളേജ് ഗേറ്റിന് സമീപമെത്തിയപ്പോൾ, പ്രതികളായ സലിം, വസീം, നസീം എന്നിവരും മറ്റുള്ളവരും ആയുധങ്ങളുമായി ആസൂത്രിതമായി റോഡ് ഉപരോധിക്കുകയും യാത്ര തടയുകയും ചെയ്തു. യാത്രയിൽ പങ്കെടുത്ത യുവാക്കളുടെ കയ്യിൽ നിന്ന് ത്രിവർണ പതാകയും ഇവർ തട്ടിയെടുത്ത് നിലത്ത് എറിഞ്ഞു. തുടർന്ന് പാകിസ്താൻ സിന്ദാബാദ്, ഹിന്ദുസ്താൻ മുർദാബാദ് എന്നീ മുദ്രാവാക്യങ്ങൾ വിളിച്ച് ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തി. യുവാക്കൾക്ക് ആ വഴി കടന്നുപോകണമെങ്കിൽ പാകിസ്താൻ സിന്ദാബാദ് പറയേണ്ടിവരുമെന്ന് അവർ പറഞ്ഞു. അഭിഷേക് എന്ന ചന്ദൻ ഗുപ്ത ഇതിനെ എതിർത്തതോടെ പ്രതികൾ കല്ലെറിയാനും വെടിവെക്കാനും തുടങ്ങി.
ഈ പ്രകോപനത്തിനിടെ പ്രതിയായ സലിം തന്റെ ആയുധം കൊണ്ട് ചന്ദൻ ഗുപ്ത എന്ന അഭിഷേക് ഗുപ്തയെ വെടിവച്ചു, ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. എങ്ങനെയോ വിവേക് ഗുപ്ത മറ്റ് കൂട്ടാളികളോടൊപ്പം തന്റെ ജീവൻ രക്ഷിക്കുകയും സഹോദരൻ ചന്ദനെ കാസ്ഗഞ്ച് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. അവിടെ നിന്ന് ചന്ദനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു”.
ചന്ദൻ ഗുപ്തയുടെ പിതാവ് സുശീൽ ഗുപ്തയുടെ പരാതിയിലാണ് കൊലപാതക കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ചന്ദൻ ഗുപ്ത വെടിയേറ്റ് മരിച്ചത് കാസ്ഗഞ്ചിൽ അശാന്തിക്ക് കാരണമായി. തുടർന്ന് ഒരാഴ്ചത്തെ കർഫ്യൂവും , ഇൻ്റർനെറ്റ് തടസ്സവും ഉണ്ടായി.
ആദ്യം 30 പേർക്കെതിരെ കേസെടുത്തു. എന്നാൽ, അസിം ഖുറേഷിയെയും നസീറുദ്ദീനെയും വെറുതെവിട്ടു.
കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ വസീം, നസീം, സാഹിദ് എന്ന ജഗ്ഗ, ബബ്ലു, അക്രം, തൗഫീഖ്, മൊഹ്സിൻ, റാഹത്ത്, സൽമാൻ, ആസിഫ്, നിഷു എന്ന സീഷൻ, ഖില്ലാൻ, വാസിഫ്, ഇമ്രാൻ, ഷംഷാദ്, സഫർ, ഷാക്കിർ, ഖാലിദ്, ഫൈസാൻ, ഐ. ഷാക്കിർ, ഹിറ്റ്ലർ എന്ന ആസിഫ് ഖുറേഷി, അസ്ലം ഖുറേഷി, ഷവാബ്, സാഖിബ്, അമീർ റാഫി.എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി ജയിലിലേക്ക് അയച്ചു.
ഒരു പ്രതിയായ മുനാജിർ റാഫി ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതിയിൽ ഹാജരായത്. കോടതിയിൽ ഹാജരാകാത്തതിനാൽ മറ്റൊരു പ്രതിയായ സലിമിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
പ്രതികളായ സലിം, വസീം, നസീം, മൊഹ്സിൻ, റാഹത്ത്, ബബ്ലു, സൽമാൻ എന്നിവർ ആയുധ നിയമപ്രകാരവും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.