ന്യൂഡൽഹി: അന്താരാഷ്‌ട്ര യാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിന് കൈമാറണമെന്ന് വിമാനക്കമ്പനികൾക്ക് കർശന നിർദേശം. യാത്ര ആരംഭിക്കുന്നതിന് 24 മണിക്കൂർ മുൻപ് വിവരങ്ങൾ നൽകണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. 2025 ഏപ്രിൽ 1 മുതൽ വ്യവസ്ഥ പ്രാബല്യത്തിൽ വരും. വിവരങ്ങൾ പങ്കുവെക്കുന്നതിൽ വീഴ്ചവരുത്തുന്ന എയർലൈനുകൾക്ക് മേൽ പിഴ ചുമത്തപ്പെടുമെന്നും സർക്കാർ അറിയിച്ചു.
ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്‌ട്ര സർവീസുകളിലെ യാത്രക്കാരുടെ മൊബൈൽ നമ്പർ, പണമടച്ച വിവരങ്ങൾ, പാസഞ്ചർ നെയിം റെക്കോർഡ് (PNR), ബാഗേജ് വിവരങ്ങൾ, ട്രാവൽ ഏജൻസി, ഇമെയിൽ തുടങ്ങിയ വിശദാംശങ്ങൾ പങ്കിടണം. ഡാറ്റ കൈമാറുന്നതിൽ വീഴ്ച വരുത്തിയാൽ 25,000-50,000 രൂപ വരെ പിഴ ഈടാക്കും. ഇന്ത്യയിൽ ഫ്ലൈറ്റ് സർവീസുകൾ നടത്തുന്നവർ നാഷണൽ കസ്റ്റംസ് ടാർഗെറ്റിംഗ് സെൻ്റർ-പാസഞ്ചറിൽ (NCTC-Pax) ജനുവരി 10-നകം രജിസ്റ്റർ ചെയ്തിരിക്കണമെന്നും നിർദേശമുണ്ട്.
യാത്രക്കാരുടെ വിവരം ശേഖരിക്കുന്ന നടപടി പരീക്ഷണാർത്ഥം ഫെബ്രുവരി പത്ത് മുതൽ നടപ്പാക്കുമെന്നും കസ്റ്റംസ് അറിയിച്ചു. അന്താരാഷ്‌ട്ര യാത്രക്കാരുടെ വിശദാംശങ്ങൾ മുൻകൂട്ടി ലഭിക്കുന്നതുവഴി നിയമവിരുദ്ധ പ്രവർത്തനങ്ങളെ കൂടുതൽ കൃത്യതയോടെ തടയാൻ കഴിയുമെന്നാണ് വിലയിരുത്തൽ. മനുഷ്യക്കടത്ത്, ലഹരിക്കടത്ത്, സ്വർണക്കടത്ത്, മൃഗക്കടത്ത് തുടങ്ങിയവ തടയാൻ പുതിയ വ്യവസ്ഥ കൂടുതൽ ഗുണം ചെയ്യും.