കൊച്ചി: പെരിയ കേസിൽ ശിക്ഷാ വിധി പ്രഖ്യാപിച്ച് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി. പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. കൃത്യത്തിൽ നേരിട്ട പങ്കെടുത്ത ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഇരട്ട ജീവപര്യന്തമാണെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. ആകെ പത്ത് പ്രതികൾക്കാണ് ഇരട്ട ജീവപര്യന്തം. മുൻ ഉദുമ എംഎൽഎ കെവി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കൾക്ക് അഞ്ച് വർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.
പ്രതികൾ രണ്ട് ലക്ഷം രൂപ പിഴയൊടുക്കണം, പിഴത്തുക കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നൽകണമെന്നും കോടതി നിർദേശിച്ചു. അക്രമരാഷ്ടീയം മൂലം രണ്ട് യുവാക്കളുടെ ജീവൻ നഷ്ടപ്പെട്ട കേസിൽ പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. കൊല്ലപ്പെട്ട രണ്ടുപേരുടെയും ഡിഎൻഎ ആയുധങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. കേസിൽ ശാസ്ത്രീയ തെളിവുകളാണ് നിർണായകമായതെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾക്ക് വധശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും സിപിഎം നേതാക്കൾക്ക് ലഭിച്ച അഞ്ചുവർഷം തടവ് കുറഞ്ഞുപോയെന്നും ശരത് ലാലിന്റെ കുടുംബം പ്രതികരിച്ചു. സിപിഎം നേതാക്കൾക്ക് ജീവപര്യന്തം ശിക്ഷ വേണമായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വിധിയിൽ പൂർണതൃപ്തിയില്ലെന്നായിരുന്നു കൃപേഷിന്റെ പിതാവ് പ്രതികരിച്ചത്. വിധിപ്പകർപ്പ് ലഭിച്ചതിന് ശേഷം അപ്പീൽ പോകുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് അഭിഭാഷകർ അറിയിച്ചു.