പ്രമുഖ സംവിധായകനിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടി ഉപാസന സിംഗ്. പ്രമുഖ തെന്നിന്ത്യൻ സംവിധായകൻ തന്നെ ഹോട്ടലിലേക്ക് ദുരുദ്ദേശത്തോടെ വിളിച്ചെന്നും അനിൽ കപൂർ ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം അയാൾ കാരണം തനിക്ക് നഷ്ടപ്പെട്ടുവെന്നും ഉപാസന പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
അനിൽ കപൂറിനോടൊപ്പം ഒരു സിനിമ ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. ഞാൻ മുംബൈയിൽ പോയിരുന്നു. അന്ന് ആ സിനിമയുടെ സംവിധായകൻ എന്നെ ജുഹുവിലെ ഒരു ഹോട്ടലിലേക്ക് വരാൻ ആവശ്യപ്പെട്ടു. കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നാണ് അയാൾ എന്നോട് പറഞ്ഞത്. എന്റെ കയ്യിൽ വണ്ടിയില്ല, നാളെ വരാമെന്ന് ഞാൻ പറഞ്ഞു. ‘കാര്യം മനസിലായില്ലേ’ എന്ന് അയാൾ എന്നോട് ചോദിച്ചു.
ഞാൻ എപ്പോഴും ഷൂട്ടിന് പോകുമ്പോൾ അമ്മയെയോ സഹോദരിയെയോ കൂടെ കൊണ്ടുപോകും. എന്തിനാണ് ഇവരെ എപ്പോഴും കൂടെക്കൂട്ടുന്നതെന്ന് ഒരു ദിവസം അയാൾ എന്നോട് ചോദിച്ചിട്ടുണ്ട്. രാത്രി 11.30 നാണ് അയാൾ എന്നെ ഹോട്ടലിലേക്ക് വിളിച്ചത്. അടുത്ത ദിവസം ഞാൻ അയാളുടെ ഓഫീസിലേക്ക് പോയി. അവിടെ ആരോക്കെയോ ആയി മീറ്റിംഗിലായിരുന്നു. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ അകത്തേക്ക് കയറി ഒരുപാട് ചീത്ത വിളിച്ചു. അഞ്ച് മിനിറ്റോളം എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞ്, അയാളെ ഞാൻ നാണംകെടുത്തി.
അവിടെ നിന്ന് പുറത്തിറങ്ങിയപ്പോൾ എനിക്ക് സങ്കടം സഹിക്കാനായില്ല. ഫുട്പാത്തിലൂടെ കരഞ്ഞുകൊണ്ടാണ് ഞാൻ നടന്നത്. അനിൽ കപൂർ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നുവെന്ന കാര്യം ഞാൻ പലരോടും പറഞ്ഞിരുന്നു. അവരോടൊക്കെ ഇനി എന്ത് പറയും എന്ന് ഞാൻ ചിന്തിച്ചു. വലിയ സങ്കടം തോന്നി. ഏഴ് ദിവസം ഞാൻ മുറിയിൽ നിന്ന് പോലും പുറത്തിറങ്ങിയില്ല. ആ സംഭവം തന്റെ മനസിൽ വലിയ ആഘാതം സൃഷ്ടിച്ചുവെന്നും ഉപാസന പറഞ്ഞു.