വടകര: റെയിൽവേ സ്റ്റേഷനുകളുടെ വികസനം ലക്ഷ്യമിട്ട് നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ അമൃത് ഭാരത് പദ്ധതി സംസ്ഥാനത്ത് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന വടകര റെയിൽവേ സ്റ്റേഷൻ വികസനം അവസാന ഘട്ടത്തിലാണ്. പ്രധാന കെട്ടിടത്തിന്റെ മുൻഭാഗം കേരളീയ ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്. സ്റ്റേഷനിലേക്കുള്ള റോഡുകളുടെ നവീകരണമാണ് ഇനി ബാക്കിയുള്ളത്. ഫെബ്രുവരി പകുതിയോടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.
പതിനായിരം ചതുരശ്ര മീറ്ററിൽ പാർക്കിങ് ഏരിയ, 250 പേർക്ക് ഇരിക്കാനുള്ള ഇരിപ്പിടം, റിസർവേഷൻ കൗണ്ടർ, എൽ.ഇ.ഡി. ഡിസ്പ്ലേ ബോർഡുകൾ, പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം എന്നിവ ഇതിനകം പൂർത്തിയായി. സ്റ്റേഷനിലേക്കുള്ള ഇടുങ്ങിയ റോഡ് 15 മീറ്റർ വീതിയിൽ നവീകരിക്കും. ഇതോടൊപ്പം ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നിലെ റോഡ് ഏഴു മീറ്റർ വീതിയിൽ വികസിപ്പിക്കും
റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ നിർമാണവും പ്ലാറ്റ്ഫോം നവീകരണവും അവസാന ഘട്ടത്തിലാണ്. അടുത്ത ഘട്ടമായി റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്തും പാർക്കിങ്ങിങ് ഏരിയ ഒരുക്കും. മാത്രമല്ല നിലവിലെ ആർ.പി.എഫ് സ്റ്റേഷനും ഓഫീസ് സമുച്ചയവും ഇവിടേക്ക് മാറ്റാനും പദ്ധതിയുണ്ട്.