ചെടികൾ തഴച്ചുവളരാനും വിളവ് ലഭിക്കാനും മണ്ണിൽ ഓക്സിജനെ ആഗിരണം ചെയ്യുന്നതിനും കീടങ്ങളെ നിയന്ത്രിക്കാനുമൊക്കെ ഉപയോഗിക്കുന്ന ബാക്ടീരിയ വളമാണ് സ്യൂഡോമോണസ്. ഇത് പൊടിരൂപത്തിലും ദ്രാവകരൂപത്തിലും വിപണിയിൽ ലഭ്യമാണ്. കൃഷിഭവനിൽ നിന്ന് സൗജന്യമായും ഇത് ലഭിക്കും. എന്നാൽ നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ ഒരുപാട് ചെടികളുണ്ടെങ്കിൽ അവയ്‌ക്കെല്ലാം സ്ഥിരമായി വളമിടേണ്ടി വരുമ്പോൾ സ്യൂഡോമോണസ് വലിയ അളവിൽ ആവശ്യമായി വരും. വില കൂടുതലായതിനാൽ ഇത് വിപണിയിൽ നിന്ന് എപ്പോഴും വാങ്ങുകയെന്നത് സാധാരണക്കാർക്ക് പ്രയാസകരവുമാണ്. ഈ സാഹചര്യത്തിൽ സ്യൂഡോമോണസ് എങ്ങനെയാണ് വീട്ടിൽ തന്നെ ഉത്പാദിപ്പിക്കുന്നതെന്ന് പരിചയപ്പെടാം.
സ്യൂഡോമോണസ് ഫ്ലൂറസൻസ് (Pseudomonas fluorescens) എന്ന ജൈവ ബാക്ടീരിയയെ ബയോകൾച്ചർ ചെയ്ത് വികസിപ്പിക്കാനുള്ള രീതി:
ഒറ്റത്തവണ സ്യൂഡോമോണസ് വാങ്ങിയാൽ അതിൽ നിന്ന് കൾച്ചർ ചെയ്ത് വീണ്ടും വീണ്ടും ഉത്പാദിപ്പിക്കാനുള്ള പ്രക്രിയയാണിത്. ഇതിനായി ഒരു ബോട്ടിലിലേക്ക് ഒരു ഗ്ലാസ് തേങ്ങാവെള്ളം ഒഴിക്കുക.
അതിന് ശേഷം തേങ്ങാവെള്ളത്തിന്റെ ഇരട്ടി കഞ്ഞിവെള്ളം ഒഴിക്കുക.
(സ്യൂഡോമോണസ് ബാക്ടീരിയയെ ഇരട്ടിപ്പിക്കുന്നതിന് വേണ്ടി അതിനുള്ള ആവാസവ്യവസ്ഥ ഒരുക്കി നൽകാനാണ് ഇങ്ങനെ ചെയ്യുന്നത്)
തേങ്ങാവെള്ളവും കഞ്ഞിവെള്ളവും അടങ്ങിയ ബോട്ടിലിലേക്ക് 25 ഗ്രാം പഞ്ചസാര ഇട്ടുനൽകുക. ശേഷം ബോട്ടിൽ മൂടിവച്ച് നല്ലപോലെ കുലുക്കി മിക്സ് ചെയ്യുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി നല്ലപോലെ തിളപ്പിച്ചെടുക്കുക. വെട്ടിത്തിളപ്പിച്ച ഈ ലായനി ഒരു ദിവസം സൂക്ഷിക്കുക.
പിറ്റേന്ന് ഈ വെള്ളത്തിലേക്ക് 5 മില്ലി സ്യൂഡോമോണസ് ദ്രാവകം (ലിക്വിഡ്) ഒഴിച്ചുനൽകുക. ശേഷം ഏഴ് ദിവസം അതേപടി സൂക്ഷിച്ചുവെക്കുക. രണ്ട് ദിവസം കൂടുമ്പോൾ അടപ്പ് തുറന്ന് ഗ്യാസ് കളയേണ്ടതാണ്. ഒരാഴ്ച കഴിഞ്ഞാൽ ഈ ലായനി കൾച്ചർ ചെയ്ത സ്യൂഡോമോണസ് ആയി മാറിയിട്ടുണ്ടാകും. ഇത് വളമായി ഉപയോഗിക്കാം.
വീണ്ടും സ്യൂഡോമോണസ് ഉത്പാദിപ്പിക്കാൻ ലിക്വിഡിന് പകരം ഈ ലായനി 25 മില്ലി വീതം എടുത്താൽ മതി.
രാസവളം ഇടുന്നവരാണെങ്കിൽ വളമിട്ട് 15 ദിവസം കഴിഞ്ഞതിന് ശേഷമേ സ്യൂഡോമോണസ് ഇട്ടുനൽകാവൂ. അല്ലാത്തപക്ഷം ഇത് മണ്ണിൽ ഫലം ചെയ്യില്ല.