വെല്ലൂർ: ഡിഎംകെ ജനറൽ സെക്രട്ടറിയും ജലവിഭവ മന്ത്രിയുമായ ദുരൈമുരുകന്റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് വിഭാഗം റെയ്ഡ് നടത്തി.
മന്ത്രി ദുരൈമുരുകന്റെ വെല്ലൂർ ജില്ലയിലെ കാട്പാടിയിലുള്ള വീട്ടിലാണ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പത്തിലധികം എൻഫോഴ്‌സ്‌മെൻ്റ് ഉദ്യോഗസ്ഥരാണ് സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയോടെ തിരച്ചിൽ നടത്തുന്നത്. മന്ത്രി ദുരൈ മുരുകന്റെ ഉടമസ്ഥതയിലുള്ള കോളേജിലും പരിശോധന നടക്കുന്നുണ്ട്. മന്ത്രി ദുരൈ മുരുകനും മകനുമായ ഡിഎംകെ എംപി. കതിറും ആനന്ദും കാട്പാടിയിൽ ഒരേ വീട്ടിലാണ് താമസിക്കുന്നത്.
2019ലെ പാർലിമെന്റ് തെരഞ്ഞെടുപ്പിന്റെ സമയത്ത് കതിർ ആനന്ദുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിന്ന് 11.48 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത കേസിലാണ് തെരച്ചിൽ. ഇതിലെ നികുതി വെട്ടിപ്പ് സംബന്ധിച്ച് 2019-ൽ സമർപ്പിച്ച ആദായനികുതി പ്രോസിക്യൂഷൻ കേസുണ്ട്. ഈ പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് വിഭാഗവും പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
മാർച്ച് 29 ന് ഡിഎംകെ ട്രഷറർ കതിർ ആനന്ദിന്റെ വെല്ലൂരിലെ വീട്ടുവളപ്പിൽ നിന്ന്പണം പിടിച്ചെടുത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പിൽ അമിത പണബലം ഉപയോഗിച്ചെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് സമിതിയുടെ ശുപാർശ തുടർന്നാണ് വെല്ലൂർ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
എൻഫോഴ്‌സ്‌മെൻ്റ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിന്, ‘നിങ്ങൾക്ക് എത്രത്തോളം അറിയാം? അത്രയേ എനിക്കറിയൂ. അവിടെ ആരാണെന്ന് എനിക്കറിയില്ല”. എന്നാണ് മന്ത്രി ദുരൈ മുരുകൻ നൽകിയ മറുപടി.
തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിട്ടാണ് ദുരൈ മുരുകൻ അറിയപ്പെടുന്നത്.