കോഴിക്കോട്: നരേന്ദ്രമോദി വന്നതിന് ശേഷമാണ് രാജ്യത്ത് റെയിൽവേ വികസനം സാധ്യമായതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ വികസനം 2027 ൽ പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്റ്റേഷനിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ റെയിൽ വികസന പദ്ധതികളുടെ പുരോഗതി അദ്ദേഹം വിലയിരുത്തി.
കേരളത്തിലെ സ്റ്റേഷനുകളുടെ വികസനം 2027ൽ പൂർത്തിയാകും. നൂറു കണക്കിന് കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഷനുകളുടെ ആധിനീകരണം നടക്കുന്നത്. റെയിൽവേ സ്റ്റേഷനോട് ചേർന്ന് കോമേഴ്സ്യൽ സംവിധാനങ്ങളും ഒരിക്കുന്നുണ്ട്.
മോദി സർക്കാർ വന്നതിന് ശേഷമാണ് റെയിൽവേ വികസനം സാധ്യമായതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിന്റെ മുന്നിൽ കയറി നിന്നിട്ട് ഞാനാണ് ഇത് ചെയ്തതെന്ന് പറയാൻ ഏത് എട്ടുകാലി മമ്മൂഞ്ഞിനും അനുവാദം കൊടുത്തിട്ടുണ്ടെന്നും മന്ത്രി പരിഹസിച്ചു. സംസ്ഥാന മന്ത്രിയടക്കം റെയിൽവേ വികസനത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ മത്സരിക്കുന്ന വേളയിലാണ് മന്ത്രിയുടെ പ്രതികരണം.
1888 ജനുവരി രണ്ടിന് കമ്മിഷന്‍ ചെയ്ത കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 136 വര്‍ഷത്തിനുശേഷമാണ് നവീകരണം നടക്കുന്നത്. 445.95 കോടി രൂപയാണ് ഇതിനായി വകയിരിത്തിയിരിക്കുന്നത്. പ്ലാറ്റ്ഫോമുകൾക്കിടയിൽ അഞ്ചുനില കെട്ടിടം ഉൾപ്പെടെ കോഴിക്കോടിന്‍റെ പൈതൃകം ഉൾക്കൊണ്ടുകൊണ്ടുള്ള വികസനമാണ് ഇവിടെ നടപ്പിലാക്കുന്നത്.
കോഴിക്കോട് റെയിൽവേ സ്റ്റേഷന്‍റെ മുഖച്ഛായ മാറുന്ന രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്. ഒന്നാമത്തെയും നാലാമത്തെയും പ്ലാറ്റ്ഫോമുകളിൽ ഉയരുന്ന അഞ്ചുനില കെട്ടിടത്തിൽ രണ്ട് നിലകൾ യാത്രക്കാരുടെ സൗകര്യങ്ങൾക്കായി മാറ്റിവെയ്‌ക്കും. ബാക്കിയുള്ള മൂന്ന് നിലകളും വാണിജ്യാവശ്യങ്ങൾക്ക് നൽകും.