ഉണ്ണി മുകുന്ദൻ മാസ് വേഷത്തിലെത്തി, ബോക്സോഫീസിൽ കുതിക്കുന്ന മാർക്കോയെ പ്രശംസിച്ച് നടൻ ബാബു ആന്റണി. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെയും മാർക്കോയുടെ മേക്കിംഗിനെയും പുകഴ്‌ത്തിയ ബാബു ആന്റണി, തന്റെ ഏറെ നാളത്തെ ആഗ്രഹവും പങ്കുവച്ചു. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ബാബു ആന്റണി ചിത്രത്തെയും അണിയറപ്രവർത്തകരെയും പ്രശംസിച്ചത്.
താൻ ഒരിക്കലും വയലൻസിനെ പിന്തുണക്കുന്നില്ലെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. എല്ലാ അതിരുകളും കടന്ന് മാർക്കോ എന്ന മലയാളം ആക്ഷൻ സിനിമ മുന്നേറുന്നു എന്ന് കേൾക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരു വയലൻസ് ചിത്രമാണ് മാർക്കോയെന്ന് അണിയറപ്രവർത്തകർ ആദ്യം മുതൽ തന്നെ വ്യക്തമാക്കിയിരുന്നു. എ സർട്ടിഫിക്കറ്റും ചിത്രത്തിന് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകർ കുറ്റം പറയേണ്ട ആവശ്യമില്ല.
സിനിമയിലെ വയലൻസിനെ കുറിച്ചാണ് പലരും പരാതികൾ പറയുന്നത്. എന്നാൽ ഉണ്ണി മുകുന്ദനെയോ, ചിത്രത്തിന്റെ മേക്കിംഗിനെ കുറിച്ചോ ആരും കുറ്റം പറയുന്നതായി ഞാൻ കേട്ടിട്ടില്ല. മലയാളത്തിലെ ആക്ഷൻ സിനിമകളിൽ അതിരുകൾ കടന്ന ഉണ്ണി മുകുന്ദനും ഹനീഫ് അദേനിക്കും അഭിനന്ദനങ്ങൾ.
ഞാൻ ചെയ്ത ആക്ഷൻ സിനിമകളെല്ലാം ചെറിയ ബജറ്റിൽ നിർമിച്ചിരുന്നതായിരുന്നു. ഒരു ആക്ഷൻ സീനുകൾ പൂർത്തിയാക്കാൻ ആറ് മണിക്കൂറാണ് വേണ്ടത്. ഒരു ടെക്നിക്കൽ സംവിധാനങ്ങളോ സുരക്ഷാ മുൻകരുതലുകളോ ഒന്നുമില്ലാതെയാണ് അന്ന് സിനിമകൾ ചെയ്തിരുന്നത്. ഒരു ബിഗ്ബജറ്റ് ആക്ഷൻ സിനിമ ചെയ്യുക എന്നത് എന്റെ എക്കാലത്തെയും സ്വപ്നമാണ്. ആക്ഷൻ സിനിമകൾ ഇന്നത്തെ തലമുറയ്‌ക്ക് ഇഷ്ടമാകുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ബാബു ആന്റണി ഫെയ്സ്ബുക്കിൽ കുറിച്ചു.