മുംബൈ: ശിവസേന ഉദ്ധവ് വിഭാഗവും ബിജെപിയോട് അടുക്കുന്നു. ശിവസേന മുഖപത്രമായ സാമനയിൽ പ്രസിദ്ധീകരിച്ച ലേഖനം ഇതിന്റെ വ്യക്തമായ സൂചനയാണ്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെ പ്രശംസിച്ച് കൊണ്ടുള്ള മുഖപ്രസംഗം വെള്ളിയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. വികസനത്തിന്റെ പുതിയ യുഗത്തിലേക്ക് മഹാരാഷ്‌ട്ര കടക്കുന്നതായും ഫട്നവിസിന്റെ പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു.
അടുത്തിടെ വനവാസി മേഖലയായ ഗഡ്ചിരോളി ദേവേന്ദ്ര ഫട്നാവിസ് സന്ദർശിക്കുകയും വിവിധ വികസ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഫട്നാവിസിന്റെ ഇത്തരം പ്രവർത്തനങ്ങൾ അങ്ങേയറ്റം പ്രശംസനീയമാമെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. രണ്ടാഴ്ച മുമ്പ് ഉദ്ധവ് താക്കറെ ദേവേന്ദ്ര ഫട്നാവിസിനെ സന്ദർശിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദ്ധവ് വിഭാഗം ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇൻഡി മുന്നണിയുടെ ഭാഗമായതോടെ ശിവസേന സ്ഥാപകമായ ബാൽതാക്കറെയുടെ ആദർശങ്ങളിൽ നിന്നും ഉദ്ധവ് വിഭാഗം അകന്നുവെന്ന ആരോപണം ശക്തമായി.
പിന്നാലെയാണ് ഇൻഡി മുന്നണിയുമായുള്ള സഖ്യം ഉപേക്ഷിച്ച് എൻഡിഎയിൽ തിരിച്ചെത്താനുള്ള ശ്രമം തുടങ്ങിയത്. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം തുടർച്ചയായി ബിജെപിയെയ പ്രശംസിച്ച് കൊണ്ടുള്ള പ്രസ്താവനകൾ ഉദ്ധവ് വിഭാഗം നേതാക്കൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് മുഖപത്രമായ സാമനയിൽ പ്രസിദ്ധീകരിച്ച ലേഖനം.