ന്യൂഡൽഹി: 4,500 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തലസ്ഥാനത്തെ ചേരിനിവാസികൾക്കായി പണിത സ്വാഭിമാന്‍ ഫ്ലാറ്റുകളുടെ ഉദ്ഘാടനവും ഡൽഹി സർവകലാശാലയിലെ വി ഡി സവർക്കർ കോളേജിന്റെ തറക്കല്ലിടൽ ചടങ്ങും അദ്ദേഹം നിർവ്വഹിച്ചു. ഡൽഹിയിലെ അശോക് ബിഹാറിൽ നടന്ന പരിപാടിയിലാണ് വിവിധ വികസനപദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്.
ഭവനരഹിതരായവർക്കായി കേന്ദ്ര സർക്കാർ നിർമിച്ച 1,676 ഫ്ലാറ്റുകളുടെ താക്കോൽ പ്രധാനമന്ത്രി വിതരണം ചെയ്തു. ഡൽഹി ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (ഡിഡിഎ) സുപ്രധാന നാഴികക്കല്ലാണ് ഇൻ-സിറ്റു ചേരി പുനരധിവാസ പദ്ധതി. ഡൽഹിയിലെ ജെജെ ക്ലസ്റ്ററുകളിൽ താമസിക്കുന്നവർക്ക് മെച്ചപ്പെട്ട താമസസൗകര്യം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഡൽഹിയിൽ പ്രവർത്തനം ആരംഭിക്കുന്ന ലോകോത്തര നിലവാരത്തിൽ നിർമിച്ച വ്യാപാരകേന്ദ്രവും അദ്ദേഹം നാടിന് സമർപ്പിച്ചു. ഡൽഹി സർവകലാശാലയ്‌ക്ക് കീഴിൽ സൂരജ്മൽ വിഹാറിലെ ഈസ്റ്റേൺ കാമ്പസിലും ദ്വാരകയിലെ വെസ്റ്റേൺ കാമ്പസിലും ഓരോ അക്കാദമിക് ബ്ലോക്കുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
600 കോടി രൂപ ചെലവിലാണ് രണ്ട് പുതിയ കാമ്പസുകൾ നിർമിക്കുന്നത്. ഡൽഹിയിലെ ദ്വാരകയിൽ പുതുതായി നിർമിച്ച സിബിഎസ്ഇയുടെ സംയോജിത ഓഫീസ് സമുച്ചയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 300 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഓഫീസ് കോംപ്ലക്‌സ് നിർമിച്ചിരിക്കുന്നത്.