തിരുവനന്തപുരം: കലോത്സവ വിജയികൾക്കുള്ള സ്വർണക്കപ്പ് വഹിച്ചുള്ള ഘോഷയാത്ര തലസ്ഥാന നഗരിയിലെത്തി. ഇന്ന് രാവിലെയാണ് സ്വർണക്കപ്പ് ഘോഷയാത്ര ജില്ലയിലേക്ക് പ്രവേശിച്ചത്. തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികളുടെ വിപുലമായ സ്വീകരണമാണ് ഘോഷയാത്രയ്‌ക്ക് ലഭിച്ചത്.
വിവിധ സ്‌കൂളുകളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം 5 മണിയോടെ പി.എം.ജി. യിൽ എത്തിച്ചേർന്ന ഘോഷയാത്രയിൽ മന്ത്രി വി ശിവൻകുട്ടി സ്വർണകപ്പ് ഏറ്റുവാങ്ങി. തുടർന്ന് സ്വർണ്ണക്കപ്പ് സെൻട്രൽ സ്റ്റേഡിയത്തിലെ വേദി ഒന്നായ ഭാരതപ്പുഴയിൽ എത്തിച്ചു.
63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ ഔദ്യോഗികമായി തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്‌ടർ പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് തുടക്കമാകും. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം ടി – നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങൾ നടക്കുക.