തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലക്കേസിലെ വിധി ഈ മാസം 17 ന്. കേസിന്റെ വിചാരണ പൂർത്തിയായ സാഹചര്യത്തിലാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധിപറയാനായി മാറ്റിയത്. 2022 ഒക്ടോബർ 13 നാണ് കേസിനാസ്പദമായ സംഭവം. പ്രതി ഗ്രീഷ്മ പ്രണയബന്ധത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാതിരുന്ന കാമുകൻ ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊന്നുവെന്നാണ് കേസ്. ഷാരോൺ കൊല്ലപ്പെട്ട് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്.
ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22) ആണ് കേസിലെ ഒന്നാം പ്രതി. തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലകുമാരൻ നായരും മാതാവ് സിന്ധുവും കൂട്ടുപ്രതികളാണ്. മുഴുവൻ പ്രതികളും നിലവിൽ ജാമ്യത്തിലാണ്.
വിചാരണവേളയിൽ വിചിത്രവാദമാണ് പ്രതിഭാഗം ഉയർത്തിയത്. പനിയായതിനാലാണ് പാരസെറ്റാമോളിനെക്കുറിച്ച് ഗൂഗിളിൽ തെരഞ്ഞതെന്നായിരുന്നു ഗ്രീഷ്മയുടെ അഭിഭാഷകന്റെ വാദം. പ്രതി വിഷത്തിന്റെ പ്രവർത്തനരീതി വെബ് സെർച്ചിലൂടെ പഠിച്ചെന്ന പ്രോസിക്യൂഷൻ വാദം ഖണ്ഡിക്കാനായിരുന്നു ഇത്. ഗ്രീഷ്മയ്‌ക്ക് ആത്മഹത്യ പ്രവണതയുണ്ടായിരുന്നുവെന്നും ഇതാണ് പാരാക്വാറ്റ് എന്ന കളനാശിനിയെകുറിച്ച് ഗൂഗിളിൽ തെരയാനിടയാക്കിയതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
അതേസമയം പ്രോസിക്യൂഷനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാർ ഹാജരായി. പ്രതികൾക്കെതിരെ 323 രേഖകളും, 51 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ തെളിവിനായി സമർപ്പിച്ചു. ദൃക്സാക്ഷികൾ ഇല്ലാത്ത ഈ കേസിൽ സാഹചര്യ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രോസിക്യൂഷൻ വാദം നടത്തിയത്.
2022 ഒക്ടോബർ 14 നാണ് ആൺ സുഹൃത്തായ ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തുന്നത്. മറ്റൊരു വിവാഹം കഴിക്കാൻ പ്രണയബന്ധത്തിൽ നിന്നും പിന്മാറാതിരുന്ന ഷാരോണിനെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ഗുരുതരാവസ്ഥയിലായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 2022 ഒക്ടോബർ 25നാണ് മരിച്ചത്.