2025 ജനുവരിയിൽ ഉത്തർ പ്രദേശിലെ പ്രയാഗ് രാജ്-ൽ മഹാകുംഭമേള നടക്കുകയാണ്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന ചടങ്ങാണ് കുംഭമേള. 12 വർഷം മുമ്പ് ഉത്തരേന്ത്യയിലെ ഉത്തർപ്രദേശ് എന്ന സംസ്ഥാനത്ത് കുംഭമേള നടന്ന സ്ഥലം അറിയപ്പെട്ടിരുന്നത് അലഹബാദ് എന്നായിരുന്നു. 12 വർഷത്തിനിടയിൽ ഗംഗാ നദിയിലൂടെ ദശലക്ഷക്കണക്കിന് മെട്രിക് ടൺ ജലം ഒഴുകിപ്പോയിട്ടുണ്ടാകാം. ഇന്ന് ആ പ്രദേശത്തിന്റെ പേര് പ്രയാഗ് രാജ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഭാരതത്തിലെ പല പൗരാണിക നഗരങ്ങളും ഇത്തരത്തിൽ പേരു മാറ്റിയിട്ടുണ്ട്. പേരുമാറ്റത്തിനൊപ്പം ആകർഷമായ രൂപമാറ്റവും വന്നിട്ടുണ്ടെന്ന് ആറു വർഷം മുമ്പു നടന്ന അർദ്ധ കുംഭമേളയിൽ പങ്കെടുത്തവർക്ക് ബോദ്ധ്യമായിട്ടുണ്ടാകും.
കുംഭമേള നടക്കുന്നതായ പ്രഖ്യാപനമുണ്ടാകുമ്പോൾ തന്നെ അതിൽ പങ്കെടുക്കുവാൻ ഓരോ ഭാരതീയനും മനസ്സുകൊണ്ട് തയ്യാറായിത്തുടങ്ങും. അടുത്ത കുംഭമേള 2025 ജനുവരിയിലെ മകരസംക്രമം മുതൽ ശിവരാത്രി വരെയുള്ള ദിനങ്ങളിലാണ് നടക്കുക.
കുംഭമേളകൾ ഗംഗയുടെ തീരത്താണ് നടക്കുക. എന്നാൽ 12 വർഷത്തിലൊരിക്കൽ മദ്ധ്യപ്രദേശിലെ ശിപ്ര നദിയിലും നടക്കാറുണ്ട്. അവിടെ ഉജ്ജയ്ൻ എന്ന സ്ഥലത്തെ പ്രശസ്തമായ മഹാകാളേശ്വര ക്ഷേത്രത്തിനു സമീപമാണ് വിന്ധ്യാ പർവ്വതനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ശിപ്രാനദി ഒഴുകുന്നത്. ഇവിടെ നടക്കുന്ന കുംഭമേളയുടെ പേരു തന്നെ സിംഹസ്ഥകുംഭമേളയെന്നാണ്. [മഹാകാളേശ്വര ക്ഷേത്രം ദ്വാദശ ജ്യോതിർലിംഗ ങ്ങളിലൊന്നാണ്. ത്രിമൂർത്തി സങ്കല്പത്തിലെ സംഹാരമൂർത്തിയായറിയപ്പെടുന്നതിനാലാകാം മഹാകാളേശ്വരന് (മഹാകാലേശ്വരന്) ശവഭസ്മം കൊണ്ട് അഭിഷേകം നടക്കുന്നുണ്ട്. മനുഷ്യന്റെ ശവശരീരം ദഹിപ്പിക്കുന്ന ചുടലയിൽ നിന്ന് സംഭരിക്കുന്ന ഭസ്മം കൊണ്ട് അഭിഷേകം നടത്തുന്ന ഏക ക്ഷേത്രവും ഇതുതന്നെയാകാം. ഇത് ‘ഭസ്മാന്തമിദം ശരീരം’ എന്ന ഓർമ്മപ്പെടുത്തലുമാകാം )
2010 – ലെ കൈലാസ് മാനസസരോവർ യാത്രയ്‌ക്കിടയിലാണ് ദ്വാദശ ജ്യോതിർലിംഗങ്ങളെപ്പറ്റിയും പ്രയാഗ് രാജിലെ കുംഭമേളയെപ്പറ്റിയുമൊക്കെ അറിയാനിടയാകുന്നത്. അതിഭയങ്കരമായ തിരക്കുണ്ടാകുമെന്നും താമസ സൗകര്യം ലഭിക്കാൻ പ്രയാസമുണ്ടാകുമെന്നുമൊക്കെ പറഞ്ഞു കേട്ടിട്ടുള്ളതിനാൽ അതിനു ശേഷം ‘അലഹബാദിൽ’ നടന്ന കുംഭമേളയിൽ പങ്കെടുക്കുവാൻ ഞാൻ മടിച്ചു. എന്നാൽ അതിനു ശേഷം നടന്ന ശിപ്ര നദിയിലെ സിംഹസ്ഥ കുംഭമേളയിൽ പങ്കെടുത്തു. (2028-ലാണ് ഇനി അവിടെ കുംഭമേള നടക്കുക. 2027-ൽ മഹാരാഷ്‌ട്രയിലെ ത്രംബകേശ്വറിൽ കുംഭമേളയുണ്ടാകും.)
ആ കുംഭമേളയിൽ പങ്കെടുത്തതോടെ കുംഭമേളയെപ്പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചു. ഗംഗയെ മാതാവായിക്കാണുന്ന ഭാരതീയർ ഗംഗാമയ്യ എന്നാണ് വിളിക്കുന്നത്. തങ്ങളുടെ ജീവിതം ഗംഗയിലൊടുങ്ങിയാൽ പുണ്യം ലഭിക്കുമെന്നാണ് നമ്മുടെ പൗരാണികരുടെ വിശ്വാസം.
ഭാരതത്തിന്റെ ഇങ്ങേയറ്റത്തുള്ള കേരളീയൻ പോലും പണ്ട് പ്രായമായാൽ കാശിക്ക് പോയിരുന്നു. കാശി വിശ്വനാഥനക്കണ്ടു തൊഴുത് ഗംഗാജലവും കൊണ്ട് മറ്റൊരു രാമേശ്വരന് അഭിഷേകം ചെയ്താൽ മോക്ഷം എന്ന സങ്കല്പത്തിലൂടെ ദേശീയോദ്ഗ്രഥനത്തേയും ഭക്തിയേയും ബന്ധിപ്പിച്ചതാവാം. (കാശി വിശ്വനാഥ ക്ഷേത്രവും രാമേശ്വര ക്ഷേത്രവും ദ്വാദശ ജ്യോതിർലിംഗങ്ങളിൽ പെട്ടതാണ്.)
എന്റെ കൗമാരകാലത്ത് ഭാരതത്തിലുയർന്നു കേട്ട വരുന്നു “ഗംഗ വരുന്നു ഗംഗ വരുന്നു ഭാരത സംസ്ക്കാരത്തിൻ അഖണ്ഡ നിർഝരി” എന്ന മുദ്രാവാക്യം ഇന്നും ഓർക്കുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ഗംഗാജലവുമായി നടത്തിയ ഭാരതപരിക്രമത്തിന് ഭാരതത്തിലാകമാനം ലഭിച്ച വൻ വരവേല്പ് ഗംഗയുടെ പവിത്രതയ്‌ക്ക് മാറ്റുകൂട്ടുന്നതായിരുന്നു. വ്യാപകമായ എതിർപ്പുണ്ടായ കേരളത്തിൽ പോലും വലിയ സ്വീകരണം അതിനു ലഭിച്ചിരുന്നു.
ആറു വർഷം മുമ്പ് പ്രയാഗ് രാജിൽ നടന്ന അർദ്ധ കുംഭമേളയിലും കോവിഡിന്റെ മൂർദ്ധന്യകാലത്ത് 2021 – ൽ ഹരിദ്വാറിലെ കുംഭമേളയിലും പങ്കെടുക്കുവാൻ എനിക്ക് ഭാഗ്യം ലഭിച്ചു.
കുംഭമേളയെപ്പറ്റി തുടർന്നുള്ള ഭാഗങ്ങളിൽ വായിക്കാം.
തയ്യാറാക്കിയത്
യോഗാചാര്യ സജീവ് പഞ്ച കൈലാസി
പതഞ്ജലി യോഗ ട്രെയിനിംഗ് & റിസർച്ച് സെൻ്റർ (പെെതൃക് – PYTRC) സംസ്ഥാന ഡപ്യൂട്ടി ഡയറക്ടർ
9961609128
9447484819