കൊച്ചി: തീർത്തും നിർഭാഗ്യകരമായ സംഭവമായിരുന്നു കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസിനുണ്ടായ അപകടം. ഗ്യാലറിയിൽ നിന്നിരുന്ന എംഎൽഎ കാലുതെന്നി താഴേക്ക് വീഴുന്ന കാഴ്ച മലയാളികൾക്കുണ്ടാക്കിയ നടുക്കം ചെറുതല്ല. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ ഉമാ തോമസ് ദിവസങ്ങൾ പിന്നിട്ടിട്ടും വെന്റിലേറ്ററിൽ തുടരുകയാണ്. പുതുവർഷ ദിനത്തിൽ പതിഞ്ഞ ശബ്ദത്തിൽ അവർ ഹാപ്പി ന്യൂഇയർ എന്ന് പറഞ്ഞുവെന്ന ഡോക്ടർമാരുടെ അറിയിപ്പ് ഏറെ ആശ്വാസത്തോടെയാണ് നാം കേട്ടത്. ഇപ്പോൾ തനിക്ക് പറയാനുള്ള കാര്യം രണ്ട് പദങ്ങളിൽ ചുരുക്കി അവർ എഴുതിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. വേദനകൾ കടിച്ചമർത്തി ഏറെ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്ന ഉമാ തോമസ് പേന കൊണ്ട് പേപ്പറിൽ ഇങ്ങനെ എഴുതി.. ‘വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും’
ഈ രണ്ടുവാക്കുകളായിരുന്നു അവർ കുറിച്ചത്. മക്കളോടായിരുന്നു സന്ദേശം. ഈ കുറിപ്പ് വായിക്കുന്ന അപരിചർക്ക് ഒന്നും മനസിലായില്ലെങ്കിലും മക്കൾക്ക് കാര്യം പിടികിട്ടി. തങ്ങളുടെ അമ്മ എന്താണ് പറയാനുദ്ദേശിച്ചതെന്ന്..
പാലാരിവട്ടത്താണ് ഉമാ തോമസിന്റെ വീട്. അവിടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കാരണക്കോടത്തെ വീടകവീട്ടിലായിരുന്നു ഉമയും മക്കളും താമസിച്ചിരുന്നത്. വീടിന്റെ പണി ഏതാണ്ട് പൂർത്തിയായതോടെ വാടകവീട്ടിൽ നിന്ന് തിരികെ പോകാൻ ഒരുങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ആ വീഴ്ച. ഇപ്പോൾ ഉമാ തോമസ് എഴുതിയ കുറിപ്പിൽ പരാമർശിച്ചത് വീടുമാറ്റവുമായി ബന്ധപ്പെട്ട കാര്യമായിരുന്നു. വീടകവീട്ടിൽ നിന്നൊഴിയുമ്പോൾ എല്ലാ സാധനങ്ങളും മറക്കാതെ കൊണ്ടുപോകണമെന്ന് മക്കളെ ഓർമിക്കുകയായിരുന്നു ഉമ.
നട്ടെല്ലിനും ശ്വാസകോശത്തിനുമുൾപ്പടെ അതിഗുരുതരമായി പരിക്കേറ്റതിന് ശേഷം ആദ്യമായാണ് ഉമാ തോമസ് കിടക്കയിൽ എഴുന്നേറ്റിരുന്ന് എഴുതിയത്. നിലവിൽ റിനൈ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലാണ് അവർ. വെന്റിലേറ്ററിന്റെ സഹായം കൂടാതെയുള്ള ചികിത്സ വൈകാതെ തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ.