തിരുവനന്തപുരം: ഓരോ കലോത്സവത്തിന്റെയും മുഖ്യ ആകർഷണം അവസാന ദിവസം വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണക്കപ്പാണ്. 117 പവന്റെ മാറ്റിൽ നാടും നഗരവും ചുറ്റി കലോത്സവ നഗരിയിലേക്ക് സ്വർണക്കപ്പ് എത്തി. എന്നാൽ ഇത്തവണയൊരു പ്രത്യേകതയുണ്ട്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം കലാകിരീടമായ സ്വർണക്കപ്പ് എത്തിയത് അതിന്റെ ജന്മനാട്ടിലേക്കാണ്. ഊഷ്മളമായ വരവേൽപ്പ് നൽകി അനന്തപുരിയും കലോത്സവനഗരിയും കപ്പിനെ വരവേറ്റു.
1986-ലാണ് വിദ്യാഭ്യാസ വകുപ്പിൽ കലാദ്ധ്യാപകനായിരുന്ന തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ശ്രീകണ്ഠൻ നായർ സ്വർണക്കപ്പ് രൂപകൽപ്പന ചെയ്തത്. അതിനാൽ ഇത്തവണ സംസ്ഥാന കലോത്സവം തലസ്ഥാനത്ത് നടക്കുമ്പോൾ സ്വർണക്കപ്പിന്റെ മാറ്റ് കൂടുതലാണ്.
1980-85 കാലഘട്ടത്തിൽ കായിക മത്സരയിനങ്ങളിൽ സ്വർണക്കപ്പ് സമ്മാനിക്കുന്നത് കണ്ട നാൾ മുതൽ വൈലോപ്പിള്ളിയുടെ സ്വപ്നമായിരുന്നു കലയുടെ ഉത്സവത്തിനും ഒരു സ്വർണക്കപ്പ് വേണമെന്നത്. ഒടുവിൽ ഉറ്റ സുഹൃത്തായ അദ്ധ്യാപകനും കലാകാരനുമായ ചിറയിൻകീഴ് ശ്രീകണ്ഠൻനായർ കവിസ്വപ്നത്തിന് രൂപം നൽകി.
സ്വർണക്കപ്പിലെ ശംഖ്, പുസ്തകം, കൈകൾ,വളകൾ എന്നിവയ്ക്കും ചില അർത്ഥങ്ങളുണ്ട്. നാദത്തെയാണ് ശംഖ് സൂചിപ്പിക്കുന്നത്. പുസ്തകം അറിവിനെയും കൈകൾ അധ്വാനവും സൂചിപ്പിക്കുന്നു. കൈകളിൽ കിടക്കുന്ന ഏഴ് വളകൾ രാഗങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.
ഓരോ വർഷവും കലോത്സവ വിജയികൾ സ്വർണ്ണക്കപ്പിൽ മുത്തമിടുമ്പോൾ ഹൃദയചുംബനം ഏറ്റുവാങ്ങുകയാണ് റിട്ടയേഡ് അദ്ധ്യാപകനായ ശ്രീകണ്ഠൻനായർ. സ്വർണക്കപ്പ് ആരുടെ കൈകളിൽ എത്തുമെന്ന് അറിയാനുള്ള കാത്തിരിപ്പാണ് ഇനിയുള്ളത്.