കോട്ടയം: സനാതനധർമത്തെ അധിക്ഷേപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സനാതനധർമം മനുസ്മൃതിയാണ്, ആ വാക്ക് തന്നെ ഇപ്പോൾ അശ്ലീലമാണെന്ന് എം. വി ഗോവിന്ദൻ പറഞ്ഞു. കോട്ടയം ജില്ലാ സമ്മേളനത്തിലാണ് വിവാദ പരാമർശം.
സനാതനധർമം ചാതുർവർണ്യത്തി മറ്റൊരു പതിപ്പെന്ന് പറഞ്ഞാണ് ഗോവിന്ദൻ സംസാരിച്ച് തുടങ്ങിയത്, സനാതനധർമ്മത്തിന്റെ കൃത്യമായ അർത്ഥം മനുസ്മൃതി അധിഷ്ഠിതമായ ചാതുർവർണ്യവ്യവസ്ഥയാണ്. അത് ഈ കാലഘട്ടത്തിൽ ഒരു അശ്ലീലമാണ്. കേരളമുൾപ്പെടെ പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്തിയ എന്തെങ്കിലും സനാതനധർമത്തിലുണ്ടോ. കേരളത്തിലെ കർഷകത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെട്ടത് സനാതനധർമം കൊണ്ടാണോയെന്നും എം. വി ഗോവിന്ദൻ പരിഹസിച്ചു.
സനാതനധർമത്തെ അധിക്ഷേപിച്ച് മുഖ്യമന്ത്രി ശിവഗിരിയിൽ നടത്തിയ പ്രസംഗത്തെ പിന്തുണച്ച് കൊണ്ടായിരുന്നു എം. വി ഗോവിന്ദന്റെ വാക്കുകൾ. സനാതനധർമം ചർച്ചയ്‌ക്കാണ് മുഖ്യമന്ത്രി ശിവഗിരിയിൽ തുടക്കമിട്ടത്. സനാതന ധർമ്മത്തെ കുറിച്ച് ചർച്ച ചെയ്താൽ എന്തോ അപകടമാണെന്ന ധാരണവേണ്ടയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
തീവ്ര മുസ്ലീം വോട്ട് ബാങ്കിനായി സിപിഎം ബോധപൂർവ്വം ഹിന്ദു വിശ്വാസങ്ങളേയും ആചാരങ്ങളേയും അവഹേളിക്കുകയാണെന്ന് ബിജെപി ദേശീയ നേതൃത്വം ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് തുടർച്ചയായുണ്ടാകുന്ന പരാമർശങ്ങൾ. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പെട്ടിയിലാക്കിയ ഈ വിഭാഗത്തിന്റെ വോട്ട് തിരിച്ച് പിടിക്കാനുള്ള ‘കടുത്ത’ ശ്രമത്തിലാണ് ഇടതുപക്ഷം.