തിരുവനന്തപുരം: കലോത്സവ മാമാങ്കത്തിന് ഒരുങ്ങിയിരിക്കുകയാണ് തലസ്ഥാനം. കേരളത്തിലെ മുഴുവൻ കലാപ്രേമികളും തലസ്ഥാനത്തേക്ക് എത്തിക്കഴിഞ്ഞു. കൗമാര കലോത്സവത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ജനംടിവിയും ഒരുക്കമാണ്. സെൻട്രൽ സ്റ്റേഡിയത്തിന് സമീപമുള്ള ജനംടിവിയുടെ പവലിയൻ “തിരുആനന്ദപൂരം” വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും മാനേജിംഗ് ഡയറക്ടർ ചെങ്കൽ രാജശേഖരൻ നായരും ചേർന്ന് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
കലോത്സവത്തിന് എല്ലാം സജ്ജമാണെന്നും വിദ്യാർത്ഥികൾക്ക് ആശംസകൾ അറിയിക്കുന്നതായും മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. അനന്തപുരിയിലാണ് ഇത്തവണ കലോത്സവമെന്നതിനാൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നായിരുന്നു ജനം ടിവി എംഡി ചെങ്കൽ രാജശേഖരൻ നായരുടെ വാക്കുകൾ.
വരുന്ന അഞ്ച് ദിവസം കലോത്സവ പരിപാടികളുടെ വിശേഷങ്ങൾ തത്സമയം പങ്കുവെക്കാൻ ജനംടിവി സംഘം തയ്യാറായിക്കഴിഞ്ഞു. കലാമേളയിൽ പങ്കെടുക്കുന്നവരുടെ പ്രത്യേക അഭിമുഖങ്ങളും വിശേഷങ്ങളും ജനം ടിവി പവലിയനിലൂടെ പ്രേക്ഷകരിലേക്കെത്തും. തലസ്ഥാനത്തെ വിവിധയിടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന എല്ലാ വേദികളിൽ നിന്നും തത്സമയം വാർത്തകൾ പങ്കുവെക്കപ്പെടും.
15,000ത്തോളം കുട്ടികൾ മാറ്റുരയ്‌ക്കുന്ന ഉത്സവമാണ് തലസ്ഥാനത്ത് നടക്കുന്നത്. 25 വേദികളിലായി 249 ഇനങ്ങളിൽ മത്സരം നടക്കും. കലോത്സവത്തിന്റെ പതാക ഉയർത്തൽ ചടങ്ങ് പൂർത്തിയായി. വരുന്ന അഞ്ച് ദിവസമാണ് കലാമേള നടക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദി. എംടി-നിള എന്നാണ് വേദിയുടെ പേര്. കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, മറ്റ് മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.