വാഷിംഗ്ടൺ ഡിസി: പുതുവർഷം പിറന്നതുമുതൽ അമേരിക്കയിൽ രക്തച്ചൊരിലിന്റെ പരമ്പരകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ന്യൂഇയർ ദിനം പുലർച്ചെ ഭീകരാക്രമണം സംഭവിച്ചതുമുതൽ അമേരിക്കയുടെ വിവിധ നഗരങ്ങളിൽ പലതരത്തിലുള്ള ആക്രമണങ്ങളുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ വാഷിംഗ്ടൺ ഡിസിയിൽ വെടിവെപ്പ് നടന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പ്രാദേശികസമയം വെള്ളിയാഴ്ച രാത്രി 8.18-നാണ് ആക്രമണം നടന്നത്. സംഭവത്തിൽ അഞ്ച് പേർക്ക് വെടിയേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോർത്ത്ഈസ്റ്റ് ഡിസിയിൽ ഹാരി തോമസ് വേയിലാണ് ആക്രമണം നടന്നത്. സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റതായി മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. വെടിയേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവസ്ഥലത്ത് പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അക്രമി ആരാണെന്ന് വ്യക്തമല്ല.
ന്യഇയർ ദിനത്തിൽ അമേരിക്കയിലെ ന്യൂ ഓർലീൻസിലാണ് ആദ്യം ആക്രമണമുണ്ടായത്. ഇതിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. അന്നേദിവസം രാത്രി ന്യൂയോർക്കിലെ നിശാക്ലബ്ബിലും വെടിവെപ്പ് നടന്നു. പിറ്റേന്ന് ട്രംപ് ഹോട്ടലിന് പുറത്ത് ടെസ്ലയുടെ സൈബർട്രക്ക് പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഇത് ചാവേറാക്രമണമാണെതെന്ന് സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് വാഷിംഗ്ടൺ ഡിസിയിലെ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.