ന്യൂഡൽഹി: ബ്രഹ്മപുത്ര നദിയിൽ മെഗാ ജലവൈദ്യുതി പദ്ധതി നിർമ്മിക്കാനുള്ള ചൈനയുടെ നീക്കത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ടിബറ്റൻ മേഖലയിൽ യുർലൂങ് സാങ്‌പോ (ബ്രഹ്മപുത്രയുടെ തിബറ്റൻ നാമം) നദിയിലാണ് മെഗാ അണക്കെട്ട് നിർമ്മിക്കുന്നത്. ബ്രഹ്മപുത്ര ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് കോട്ടം തട്ടുന്നില്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യ ബീജിംഗിനോട് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. തുടർന്നും ഇത് നിരീക്ഷിക്കുമെന്നും രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിർത്തിയോട് ചേർന്ന് രണ്ട് പുതിയ പ്രവിശ്യകൾ സൃഷ്ടിക്കാനുള്ള ചൈനയുടെ നീക്കത്തിലും ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രണ്ട് പ്രദേശങ്ങളും ലഡാക്കിന്റെ ഭാഗമാണെന്നും ഇന്ത്യയുടെ പരമാധികാരത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ പ്രവിശ്യകൾ സൃഷ്ടിക്കരുതെന്നും ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട് .
അനധികൃത അധിനിവേശം ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 27-ന് ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവയാണ് വടക്കുപടിഞ്ഞാറൻ സിൻജിയാങ് ഉയ്ഗൂർ പ്രദേശത്ത് രണ്ട് കൗണ്ടികൾ( പ്രവിശ്യകൾ) രൂപീകരിക്കുന്നതായി റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധം.
മാലദ്വീപിൽ പ്രസിഡന്റ് മുഹമ്മദ് മുയിസു ഭരണകൂടത്തെ അട്ടിമറിക്കാൻ അവിടത്തെ പ്രതിപക്ഷത്തിന് ഇന്ത്യ പണം വാഗ്ദാനം ചെയ്തെന്ന അമേരിക്കൻ മാദ്ധ്യമ റിപ്പോർട്ടുകൾ രൺധീർ ജയ്‌സ്വാൾ തള്ളി. ഈ മാദ്ധ്യമങ്ങൾ ഇന്ത്യയോട് ശത്രുത പുലർത്തുകയാണെന്നും വിദേശകാര്യമന്ത്രാലയം ആരോപിച്ചു















