ഒരു ലോഹവളയം. 500 കിലോയോളം ഭാരം. ഭീമാകാരമായ വലിപ്പം. അജ്ഞാതമായ ഈ വസ്തു പെട്ടെന്നൊരു സുപ്രഭാതത്തിൽ മുറ്റത്ത് കിടക്കുന്നു. എന്താണ് സംഭവമെന്ന് മനസിലാകാതെ നാട്ടുകാർ പരിഭ്രാന്തിയിലായി. ഇത് പൊട്ടിത്തെറിക്കുമോ? മറ്റേതെങ്കിലും വിധത്തിലുള്ള ഹാനിയുണ്ടാക്കുമോയെന്ന ആശങ്കയിൽ അവർ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു.
ബഹിരാകാശത്തേക്ക് തൊടുത്തുവിട്ട റോക്കറ്റിന്റെ അവശിഷ്ടമാണിതെന്ന് കണ്ടെത്തിയതോടെ ജനങ്ങൾക്ക് ആശ്വാസമായി. കെനിയയിലെ മുകുകു ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. ആകാശത്ത് നിന്നുവീണ വസ്തുവിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് കെനിയയുടെ സ്പേസ് ഏജൻസി.
2.5 മീറ്റർ വ്യാസത്തിലുള്ള ഭാരമേറിയ ലോഹവളയമാണ് പതിച്ചത്. ബഹിരാകാശത്ത് നിന്നുള്ള വസ്തുവിന്റെ അവശിഷ്ടമാണിത്. റോക്കറ്റ് വിക്ഷേപിച്ച ലോഞ്ച് വെഹിക്കിളിൽ നിന്ന് വേർപ്പെട്ട വളയമാകാം ഇതെന്നും പരിശോധനകൾക്ക് ശേഷം കെനിയൻ സ്പേസ് ഏജൻസി അറിയിച്ചു.
സാധാരണഗതിയിൽ ബഹിരാകാശത്തേക്ക് തൊടുത്തുവിടുന്ന റോക്കറ്റുകളുടെ എന്തെങ്കിലും അവശിഷ്ടങ്ങൾ താഴേക്ക് പതിക്കാറില്ല. കാരണം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ ഇവ കത്തിച്ചാമ്പലാകും. അതുകൊണ്ടുതന്നെ റോക്കറ്റുകളുടെ അവശിഷ്ടങ്ങൾ ചാരമായാണ് ഭൗമോപരിതലത്തിൽ വീഴാറുള്ളത്. ചാരമാകാത്ത ലോഹക്കഷ്ണങ്ങൾ പൊതുവെ സമുദ്രത്തിലോ ജനവാസമില്ലാത്ത ഏതെങ്കിലും മേഖലകളിലോ പതിക്കുന്ന വിധത്തിൽ സജ്ജീകരിക്കുകയും ചെയ്യും. എന്നാൽ ഈ ലോഹക്കഷ്ണം കെനിയയിലെ ജനവാസ മേഖലയിൽ പതിച്ചത് എങ്ങനെയാണെന്നാണ് സ്പേസ് ഏജൻസി അന്വേഷിക്കുന്നത്.