എറണാകുളം: കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ടിട്ടുള്ള നൃത്തപരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് അഞ്ച് ലക്ഷം രൂപയെന്ന് കണ്ടെത്തൽ. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലാണ് ദിവ്യ ഉണ്ണിക്ക് കൊടുത്ത തുകയുടെ കണക്കുകൾ വ്യക്തമായത്. കൂടുതൽ പണം നൽകിയിട്ടുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്.
പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ എംഡിക്ക് താത്കാലിക ജാമ്യം കോടതി നീട്ടിനൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്. സംഘാടകരുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.
പരിപാടിക്ക് ശേഷം ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമെങ്കിൽ ദിവ്യ ഉണ്ണിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കൂടാതെ പരിപാടി നടന്ന കലൂർ സ്റ്റേഡിയത്തിലെ ഉടമസ്ഥരായ ജിസിഡിഎയെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം. ഇതിന് ശേഷമായിരിക്കും അന്വേഷണം മുന്നോട്ടുപോകുന്നത്.
പൊലീസ്, ഫയർഫോഴ്സ്, കോർപ്പറേഷൻ തുടങ്ങിയവരുടെ അനുമതി വാങ്ങാതെയാണ് ജിസിഡിഎ ചെയർമാൻ നൃത്തപരിപാടിക്ക് സ്റ്റേഡിയം അനുവദിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചെയർമാൻ കെ ചന്ദ്രൻപിള്ളയുടെ മകളും പരിപാടിയിൽ പങ്കെടുത്തിരുന്നു.















