പകൽ സമയത്ത് ഓഫീസ് ജോലി, രാത്രിയിൽ യുഎസ് മോഡൽ. ഏതെങ്കിലും ഒരു യുവാവിന്റെ അതിജീവനത്തിന്റെ കഥയല്ല. മറിച്ച് ആൾമാറാട്ടത്തിന്റെ കഥയാണ്. ഡേറ്റിംഗ് പ്ലാറ്റ്‌ഫോമുകളിൽ മോഡലായി അഭിനയിച്ച് 700 ലധികം സ്ത്രീകളെ കബളിപ്പിച്ച യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശിയായതുഷാർ സിംഗ് ബിഷ്ത് (23) ആണ് പിടിയിലായത്.
ബിബിഎ ബുരുദധാരിയായ തുഷാർ മൂന്ന് വർഷമായി നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിൽ ടെക്‌നിക്കൽ റിക്രൂട്ടറായി ജോലി ചെയ്യുകയാണ്. ഒരു ആപ്പ് വഴി ശേഖരിച്ച ഒരു വെർച്വൽ ഇൻ്റർനാഷണൽ മൊബൈൽ നമ്പർ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. പിന്നാലെ യുഎസ് മോഡലെന്ന പേരിൽ ബംബിൾ, സ്‌നാപ്ചാറ്റ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഡേറ്റിംഗ് ആപ്പുകളുലും വ്യാജ പ്രൊഫൈലുണ്ടാക്കി.
ബ്രസീലിയൻ മോഡലിന്റെ ഫോട്ടോകളും സ്റ്റോറിയുമായാണ് ഇയാൾ തന്റേതെന്ന പേരിൽ പോസ്റ്റ് ചെയ്തത്. ഇടയ്‌ക്ക് ഇന്ത്യ സന്ദർശിക്കാറുണ്ടെന്നും അപ്പോൾ നേരിട്ട് കാണാമെന്നും പറഞ്ഞാണ് ഇയാൾ സ്ത്രീകളെ വലയിൽ വീഴ്‌ത്തിയത്. 18-30 വയസ് പ്രായമുള്ള യുവതികളായിരുന്നു മോഡലിന്റെ ലക്ഷ്യം.
വിശ്വാസം പിടിച്ചുപറ്റിയ ശേഷം ഫോൺ നമ്പറുകളും നഗ്ന വീഡിയോകളും ഫോട്ടോകളും ആവശ്യപ്പെടുന്നതാണ് യുവാവിന്റെ രീതി. പകരമായി സ്വന്തം നഗ്ന വീഡിയോകളും ഇയാൾ കൈമാറും. യുവതിയുടെ വീഡിയോകൾ ഇയാൾ വിൽപ്പന നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനും ദൃശ്യങ്ങൾ ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. പണം നൽകിയില്ലെങ്കിൽ നഗ്ന ഫോട്ടോകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുമെന്നും ഡാർക്ക് വെബിൽ വിൽക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
ബംബിളിൽ 500 ഓളം സ്ത്രീകളുമായും സ്‌നാപ്ചാറ്റിലും വാട്ട്‌സ്ആപ്പിലും 200 ലധികം സ്ത്രീകളുമായും ഇയാൾ സൗഹൃദം സ്ഥാപിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി സൈബർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. പണം തട്ടാനായി ഉപയോഗിച്ച ഇയാളുടെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.